കാബുൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ആഗോളതലത്തിൽ അംഗീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന രാജ്യമാണ് പാകിസ്ഥാൻ. എന്നാൽ ഈ സ്നേഹമൊന്നും തങ്ങൾക്ക് പാകിസ്ഥാനോട് ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് താലിബാൻ സേന. കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ ഡ്യൂറൻഡ് ലൈനിനോട് ചേർന്ന് പാകിസ്ഥാൻ സുരക്ഷാ സേനയുമായി താലിബാൻ ഏറ്റുമുട്ടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇവിടെ അതിർത്തിയിൽ പാകിസ്ഥാൻ സ്ഥാപിച്ച സംരക്ഷണ വേലി താലിബാൻ തകർത്തു. മുള്ളുവേലികൾ നശിപ്പിച്ച സംഭവം അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖമാ പ്രസ് (കെപി) വാർത്താ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും ഇവിടെ വേലി കെട്ടിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഫ്ഗാനിസ്ഥാൻ സേന പാകിസ്ഥാൻ സൈനികരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നംഗർഹാർ പ്രവിശ്യയിലെ ഗുഷ്ത ജില്ലയിൽ നടന്ന ഈ സംഭവത്തിന് ശേഷം തിങ്കളാഴ്ച രാത്രി കുനാർ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യം പീരങ്കി ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനെ സഹായിക്കുക എന്ന ഉദ്യേശത്തോടെ ഇസ്ലാമാബാദിൽ ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) 17ാമത് സെഷൻ നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയാണ് ഡ്യൂറൻഡ് ലൈൻ. ബ്രിട്ടീഷ് ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയിൽ ഒരു അന്താരാഷ്ട്ര അതിർത്തി സ്ഥാപിക്കുന്നതിനായി 1893 നവംബർ 12ന് അന്നത്തെ അഫ്ഗാൻ ഭരണാധികാരിയായിരുന്ന അമീർ അബ്ദുർ റഹ്മാനുമായി കരാർ ഒപ്പിട്ട ബ്രിട്ടീഷ് സിവിൽ സർവീസ് സർ ഹെന്റി മോർട്ടിമർ ഡ്യൂറൻഡിനെ തുടർന്നാണ് അതിർത്തിക്ക് അതിന്റെ പേര് ലഭിച്ചത്.
എന്നാൽ താലിബാൻ ഉൾപ്പെടെയുള്ള മുൻ അഫ്ഗാൻ സർക്കാരുകൾ ഈ അതിർത്തിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. തർക്കമുള്ള അതിർത്തിയിൽ വേലിയും പോസ്റ്റുകളും സ്ഥാപിക്കുവാനുള്ള പാക് ശ്രമമാണ് താലിബാൻ സേന തകർത്തത്.