ശ്രീനഗര്‍: തുടര്‍ച്ചയായ നാലാം ദിനവും അതിര്‍ത്തിയില്‍ പാക് പ്രകോപനം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കുപ്‌വാരയിലും പൂഞ്ചിലും വെടിവെയ്പ്പുണ്ടായത്. പാക് സൈന്യത്തിന് ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. പഹല്‍ഗാമില്‍ ഭീകരരെ പിടിക്കാനുളള ദൗത്യം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പാകിസ്താന്‍ പ്രകോപനം തുടരുന്നത്.
സുരക്ഷാസേന പ്രദേശത്തെ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിക്കാനാണ് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കുല്‍ഗാം വനമേഖലയില്‍ വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യമെത്തും മുന്‍പേ കടന്നുകളഞ്ഞു.
തുടര്‍ന്ന് കുല്‍ഗാം വനമേഖലയില്‍ ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. പക്ഷെ കുല്‍ഗാമില്‍ നിന്നും ഭീകരര്‍ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് ഭീകരര്‍ വനമേഖലയിലേക്ക് കടന്നത്. മൂന്നാമത് ത്രാല്‍ കോക്കര്‍നാഗ് വനമേഖലയിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരര്‍ നിലവില്‍ കോക്കര്‍നാഗ് മേഖലയിലുണ്ടെന്നാണ് വിവരം. തെക്കന്‍ കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. ഭീകരര്‍ വനമേഖലയ്ക്ക് അടുത്തുളള ഗ്രാമത്തിലെ വീടുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടെന്നും സുരക്ഷാ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.