പാലാ : യൂത്ത് കോൺഗ്രസ് നേതാവ് സഞ്ജയ് സഖറിയക്കെതിരെ കള്ളക്കേസ് എടുത്തതായി ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പാലാ ഡിവൈ.എസ്.പി ഓഫിസ് മാർച്ചിൽ നേരിയ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധത്തിന് ശേഷം മടങ്ങിയ പ്രവർത്തകരുടെ വീഡിയോ പൊലീസ് പകർത്താൻ ശ്രമിച്ചത് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
രാവിലെ പാലാ നഗരത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് നേതൃത്വം നൽകിയ മാർച്ച് പൊലീസ് സ്റ്റേഷൻ റോഡിൽ ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡിന് മുന്നിലെത്തിയ പ്രവർത്തകർ , ബാരിക്കേഡ് തള്ളി മറിച്ച് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. സംഘർഷത്തിനിടെ പ്രവർത്തകർക്ക് നേര പൊലീസ് ലാത്തി പ്രയോഗിച്ചത് ഉന്തിനും തളളിനും ഇടയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ചേർന്ന പ്രതിഷേധ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ലന്ന് അദേഹം പറഞ്ഞു. ജോസ് കെ.മാണിയുടെ വാക്ക് കേട്ട് പൊലീസ് കോൺഗ്രസുകാരെ വെറുതെ ഉപദ്രവിക്കാൻ വരരുത്. കയ്യും കെട്ടി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഇരിക്കുമെന്ന് കരുതരുതെന്നും അദേഹം പറഞ്ഞു.
കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് ചൊല്ലാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം മടങ്ങിയ പ്രവർത്തകർ റോഡിൽ കൂടി നിന്നതിന്റെ വീഡിയോ പൊലീസ് ഉദ്യോഗസ്ഥൻ എടുക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് , സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.