കോട്ടയം: ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് പണം വിനിയോഗിക്കുന്നത് ആഡംബര ഹോട്ടലിലെ താമസത്തിനും മസാജിനും മദ്യപാനത്തിനും. ഇത് കൂടാതെ ചെരിപ്പുകളോട് അതിയായ ഭ്രമമുള്ള ഇയാള്‍, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം കൊണ്ട് നിരവധി ചെരിപ്പുകളാണ് വാങ്ങിക്കൂട്ടിയിരുന്നത്. ഇയാളുടെ ലോഡ്ജ് മുറിയില്‍നിന്ന് 400 ജോഡി ചെരിപ്പുകളാണ് കണ്ടെടുത്തത്.
വയനാട് സ്വദേശി മുക്കത്ത് ബെന്നി(43)യെയാണ് കഴിഞ്ഞദിവസം തട്ടിപ്പ് കേസില്‍ പോലീസ് പിടികൂടിയത്. പാലായിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ചെറിയ തുക മുന്‍കൂറായി കൈക്കലാക്കുന്നതായിരുന്നു രീതി. ഫര്‍ണിച്ചറുകള്‍ നല്‍കാമെന്ന് പറഞ്ഞും പണം തട്ടിയിരുന്നു. 1500, 2000 രൂപയാണ് ഓരോ വീടുകളില്‍നിന്നും മുന്‍കൂറായി വാങ്ങിയിരുന്നത്. എന്നാല്‍ പണം വാങ്ങിയശേഷം ഇയാള്‍ ഗൃഹോപകരണങ്ങളോ ഫര്‍ണീച്ചറുകളോ നല്‍കിയില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലരും തിരിച്ചറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് വനിതാ പോലീസിനെ ഉപയോഗിച്ച് തന്ത്രപൂര്‍വം പ്രതിയെ പാലായിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. ബെന്നിയെ ഫോണില്‍ വിളിച്ച് വനിതാ പോലീസ് സൗഹൃദം സ്ഥാപിക്കുകയും നേരില്‍കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പ്രതി പാലായിലെത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കൈയോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ. കെ.പി. ടോംസണ്‍, എസ്.ഐ.അഭിലാഷ്, എ.എസ്.ഐ. ബിജു.കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുമോള്‍, ഷെറിന്‍ സ്റ്റീഫന്‍, ഹരികുമാര്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.