തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് ‘കെഎം മാണി സ്മാരക ജനറല്‍ ആശുപത്രി പാലാ’ എന്നാണ് പുനര്‍ നാമകരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
1965 മുതല്‍ 2019 ല്‍ മരണം വരെ തുടര്‍ച്ചയായി 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡ് കെ.എം. മാണിക്കാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്. ധനമന്ത്രി എന്ന നിലയില്‍ 13 തവണ ബജറ്റ് അവതരിപ്പിച്ച കെഎം മാണി കാല്‍ നൂറ്റാണ്ടോളം മന്ത്രിയായിരുന്നു.