പാലാ: പാലായിൽ വിരണ്ടോടിയ കൊമ്പന്മാരെ അപകടങ്ങളൊന്നുമില്ലാതെ തളച്ചത് പാപ്പാന്മാരുടെ കഠിന ശ്രമം. പാപ്പാന്മാർ നടത്തിയ ശ്രമങ്ങളാണ് വിരണ്ടു നിന്ന കൊമ്പന്മാരെ തളയ്ക്കുന്നതിൽ നിർണ്ണായകമായത്. ഒരു മണിക്കൂറോളം പുലിയന്നൂരിനെയും പരിസരത്തെയും വിറപ്പിച്ചു നിർത്തിയ കൊമ്പന്മാർ ഒടുവിൽ ആയുധം വച്ചു കീഴടങ്ങി. മയക്കുവെടി വയ്ക്കുന്നതിനായി ഡോ.സാബു സി.ഐസക്ക് സ്ഥലത്ത് എത്തിയിരുന്നെങ്കിലും മയക്കുവെടിയില്ലാതെ തന്നെ കൊമ്പന്മാരെ കീഴടക്കാൻ സാധിച്ചു.
പാലാ പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ എത്തിയ കൊമ്പന്മാരായ കാളകുത്തി കണ്ണനും, ഉണ്ണിപ്പിള്ളി ഗണേഷനുമാണ് വിരണ്ടോടിയത്. ഉണ്ണിപ്പിള്ളി ഗണേശൻ ഇടയുന്നത് കണ്ട്, കാളകുത്താൻ കണ്ണൻ വിരണ്ടോടുകയായിരുന്നു. ക്ഷേത്രത്തിന്റെ മീറ്ററുകൾ മാത്രം അകലെ നിന്ന് ഉണ്ണിപ്പിള്ളി ഗണേശനെ പാപ്പാന്മാർ ചേർന്നു തളച്ചു. എന്നാൽ, കാളകുത്തി കണ്ണനെ സമീപത്തെ കാട്ടിൽ കയറിയാണ് നിന്നത്. ഇവിടെ നിന്ന കൊമ്പനെ പാപ്പാന്മാർ തളച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച രാവിലെ 11.30 ഓടെ പാലാ പുലിയന്നൂർ മഹാദേവക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി രാവിലെയുള്ള എഴുന്നെള്ളത്ത് ചടങ്ങുകൾക്കായി ആനകളെ ഒരുക്കുകയായിരുന്നു. കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശൻ വിരണ്ടോടുകയായിരുന്നു. പാപ്പാന്മാരും നാട്ടുകാരും പിന്നാലെ ഓടിയെത്തി, ഉണ്ണിപ്പിള്ളിയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വിരണ്ടു പോയ കാളകുത്തി കണ്ണൻ മറ്റൊരു വഴിയ്ക്ക് ഓടി. പിന്നാലെ, പാപ്പാന്മാരും ഓടിയതോടെ ക്ഷേത്രത്തിൽ സ്ഥിതി രൂക്ഷമായി.
തുടർന്ന് നാട്ടുകാർ വിവരം വനം വകുപ്പിലും പാലാ പൊലീസിലും അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ആന പ്രദേശത്തെ റബർ കാടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന്, പാപ്പാന്മാർ ഇവിടെ എത്തി ആനയെ ആശ്വസിപ്പിച്ച് ഒപ്പം കൂട്ടി. മദപ്പാടിനെ തുടർന്ന് കെട്ടിയിരുന്ന കാളകുത്തി കണ്ണനെ ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് അഴിച്ചത്. ശാന്ത സ്വഭാവിയായ ആന ഉണ്ണിപ്പിള്ളി ഗണേസൻ ഇടഞ്ഞത് കണ്ട് ഭയന്ന് ഓടിയതാണെന്നാണ് സംശയിക്കുന്നത്.