പാലാ: കേരളത്തിൽ പാലാ എന്ന പേരിന് അന്നും ഇന്നും ഒരൊറ്റ വിലാസം മാത്രമാണ് ഉണ്ടായത്. കടുത്ത എതിരാളികൾ പോലും പാലാ എന്നു കേൾക്കുമ്പോൾ ആദ്യം പറഞ്ഞിരുന്ന പേര് കെ.എം മാണി എന്നായിരുന്നു. അതും അഭിമാനത്തോടെയും രോമാഞ്ചത്തോടെയുമാണ് മലയാളികൾ കേട്ടിരുന്നത്. അര നൂറ്റാണ്ടിലേറെക്കാലം പാലായുടെ എം.എൽ.എയായ കെ.എം മാണിയുടെ പേര് നാടിന്റെ രക്തത്തിൽ അത്രത്തോളം അലിഞ്ഞ് ചേർന്നിരുന്നു. എന്നാൽ, ആ അഭിമാനം നാണക്കേടായി മാറുന്നതാണ് കെ.എം മാണിയുടെ പിൻഗാമിയായി എത്തിയ എം.എൽ.എയെപ്പറ്റിയുള്ള വാർത്തകൾ പുറത്തു വരുമ്പോൾ തോന്നുന്നത്.
വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും പൊതുഗതാഗത രംഗത്തും റോഡ് വികസനത്തിലും അടക്കം ഒരു പാലാ മോഡൽ തന്നെ കേരളത്തിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പാലായിൽ നിന്നു കേൾക്കുന്നത് ഗുണ്ടാ മോഡലാണ്. ചെക്കു കേസിൽ പ്രതിയായ എം.എൽ.എ, ആ ചെക്കു കേസിലെ വാദിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നതാണ് ഇപ്പോൾ നാടിന്റെ കാണക്കേടായി മാറിയത്. പാലാ എം.എൽ.എ മാണി സി.കാപ്പൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയത് മുംബൈ വ്യവസായി ദിനേശ് മേനോനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈ ബോറി വില്ലി കോടതിയിൽ വച്ച് മാണി സി.കാപ്പൻ വധ ഭീഷണി മുഴക്കിയതായാണ് മലയാളി കൂടിയായ വ്യവസായിയുടെ പരാതി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാണി സി.കാപ്പൻ കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയിരുന്നു. കോടതി പിരിഞ്ഞതിനു ശേഷം വരാന്തയിൽ വച്ചായിരുന്നു കാപ്പന്റെ ഭീഷണി. വേഗം കേസ് സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയുമെന്നായിരുന്നു ദിനേശ് മേനോനു നേരെ മാണി സി.കാപ്പന്റെ പ്രതികരണം ഉണ്ടായതെന്നായിരുന്നു പരാതി.
ഇതോടെ പാലാ എം.എൽ.എയുടെ പേരിൽ ഉയർന്ന ആരോപണം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറി. ഇത്തരത്തിൽ സ്വന്തം പേരിലുള്ള കേസ് രാഷട്രീയ സ്വാധീനവും ഗുണ്ടായിസവും ഉപയോഗിച്ച് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്ന എം.എൽ.എ നാടിന് അപമാനമാണ് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. യു.ഡി.എഫിലും കോൺഗ്രസിലും തന്നെ ഇത് അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. മാണി സി.കാപ്പനെ കൊണ്ടു നടക്കുന്നത് തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ഭയക്കുന്നു.
പാലാ എന്നാൽ വിദ്യാഭ്യാസത്തിന്റെയും വികസനത്തിന്റെയും ഒരു നാടായിരുന്നു മുൻപ്. ആ നാടിന്റെ പേരാണ് എം.എൽ.എയുടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ മോശമാകുന്നതെന്ന ആരോപണം നാട്ടുകാർ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എം.എൽ.എയ്ക്കെതിരായ പ്രതിഷേധത്തിന് പുതിയ രൂപ കൈവരുമെന്നാണ് മണ്ഡലത്തിലെ പ്രതിപക്ഷകക്ഷികൾ പറയുന്നത്.