പാലാ: മുനിസിപ്പല്‍ സ്റ്റേഡിയം നവ കേരള സദസ്സിന് വേദിയാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രതിനിധികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കര്‍ശന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടുന്ന സ്റ്റേഡിയത്തിലെ ഫെന്‍സ്ഡ് ഏരിയക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെങ്കില്‍ അത് ട്രാക്കിനോ, ഗ്രീന്‍ഫീല്‍ഡിനോ (ഫെന്‍സ്ഡ് ഏരിയ) യാതൊരുവിധത്തിലും ഉള്ള നാശനഷ്ടമോ കേടുപാടോ വരുത്താതെ ആയിരിക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. ഈ ഉത്തരവിന് എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ മുനിസിപ്പല്‍ സെക്രട്ടറി വ്യക്തിപരമായി അതിനുത്തരവാദിയായിരിക്കും എന്നും ഹൈക്കോടതി വിധിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേസ് ഡിസംബര്‍ 14 ലേക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുഡിഎഫിനെ പ്രതിനിധീകരിച്ച് ടോണി ചക്കാല, ഷിനു സെബാസ്റ്റ്യന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കായികതാരങ്ങളെയും സ്‌പോര്‍ട്‌സ് പ്രേമികളെയും വെല്ലുവിളിച്ച് സ്റ്റേഡിയം നവ കേരള മാമാങ്കത്തിന് വിട്ടുകൊടുത്ത നഗരസഭയിലെ ഇടതു ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് കോടതിവിധി എന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, നേതാക്കളായ എന്‍ സുരേഷ്, മോളി പീറ്റര്‍, ജോര്‍ജ് പുളിങ്കാട്, പ്രൊഫ. സതീശ് ചൊള്ളാനി, തോമസ് ആര്‍.വി ജോസ്, ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.