പാലാ: പൊൻകുന്നം കൂരാലി ജംഗ്ഷനു സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ എലിക്കുളം സ്വദേശി അംബീഷി(24)നെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് എട്ടരയോടെ പാലാ – പൊൻകുന്നം റൂട്ടിൽ കൂരാലി ജംഗ്ഷനിലായിരുന്നു അപകടം. പാലായിൽ നിന്നും പൊൻകുന്നത്തിന് പോകുകയായിരുന്ന മിനി ലോറിയും പൊൻകുന്നത്തു നിന്നും പൈക ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് മിനി ലോറിയുടെ പിൻ ചക്രങ്ങൾ റോഡിൽ ഊരിത്തെറിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രക്കാരന്റെ കാലിനു സാരമായി പരിക്കേറ്റു. മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ എംവിഐ ആശാകുമാർ, എ.എം.വിഐമാരായ ജോർജ്, ജിനീഷ്, ദീപു എന്നിവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാ സേനാ സംഘത്തെ എത്തിച്ച് റോഡ് വൃത്തിയാക്കി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ റോഡിലെ ഗതാഗതവും ക്രമീകരിച്ചു.