പാലക്കാട് കുറുമൂച്ചി മലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയില്‍ നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവർ തോട്ടത്തില്‍ മുനിസ്വാമിയെ (63) ആണ് പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയിലുള്ള അണ്ണാനഗറില്‍ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് ചെത്തിമിനുക്കിയ ചന്ദന മുട്ടികള്‍ പിടിച്ചെടുത്തു. ചന്ദനക്കടത്തിന് ഉപയോഗിച്ച വാഹനവും വനം വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisements

ഈ വർഷം ജനുവരിയിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുമാണ് ചന്ദന മരങ്ങള്‍ കടത്തിക്കൊണ്ട് പോയത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ സുങ്കം റെയിഞ്ചിലുള്ള ഇലത്തോട് സെക്ഷനില്‍ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുച്ചിമുടിയില്‍ നിന്ന് മുപ്പത്തിയഞ്ചോളം ചന്ദന മരങ്ങള്‍ മുറിച്ചിരുന്നു. ഇതില്‍ നിന്നുള്ള 18 എണ്ണമാണ് കടത്തിക്കൊണ്ട് പോയത്. ഈ സംഭവത്തില്‍ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 10 ആന്റി പോച്ചിങ് വാച്ചർമാർ എന്നിവരെ വനം വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു. പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത്തിന്റെ നിർദേശപ്രകാരം ചന്ദനം കടത്തിയവരെ പിടികൂടാൻ രാത്രികാല പരിശോധനകളുള്‍പ്പെടെ വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഫലമായാണ് തമിഴ്നാട് സ്വദേശി അറസ്റ്റിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 40 വർഷമായി കാട്ടില്‍ നിന്നും നാട്ടില്‍ നിന്നും മറ്റുള്ളവർ മുറിയ്ക്കുന്ന ചന്ദനത്തടി വാങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വൻകിട ചന്ദന മാഫിയകള്‍ക്ക് വില്‍ക്കുന്നയാണ് ഇപ്പോള്‍ പിടിയിലായ മുനിസ്വാമി എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറ‌ഞ്ഞു. നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലങ്കോട് റെയിഞ്ചില്‍ മുറിച്ച മരങ്ങളും ഇയാള്‍ തന്നെയാണ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കാട്ടില്‍ നിന്ന് മരം മുറിച്ചവരുടെ വിവരങ്ങളും ഇയാളില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാവരും തമിഴ്നാട് സ്വദേശികളാണ്.

Hot Topics

Related Articles