കൊല്ലം: പാലക്കാട് വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് നിന്ന് വൈകിട്ട് മൂന്നരയോടെയാണ് ഡ്രൈവറായ ജോമോനെ പിടികൂടിയത്. കൊല്ലം വഴി തിരുവനന്തപുരത്തേയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അഭിഭാഷകനെ കാണാൻ പോവുകയായിരുന്നു ഇയാൾ. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. കാറിലായിരുന്നു ജോമോൻ സഞ്ചരിച്ചിരുന്നത്. പിന്നാലെയെത്തിയ പൊലീസ് ജീപ്പ് തടഞ്ഞിട്ട് ജോമോനെ പിടികൂടുകയായിരുന്നു. ഇയാളെ വടക്കഞ്ചേരി പൊലീസിന് കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൂമിനസ് ബസിന്റെ ഡ്രൈവർ ജോമോൻ വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം മുങ്ങുകയായിരുന്നു. ജോജോ പത്രോസ് എന്ന പേരിലാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പോയെന്നായിരുന്നു വിവരം. പുലർച്ചെ മൂന്നരയോടെ പൊലീസുകാരാണ് പരിക്കേറ്റ ജോമോനെ ആശുപത്രിയിൽ കൊണ്ടുവന്നത്. ഇയാൾക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ മുറിവേറ്റ ഇയാളുടെ എക്സ് റേ എടുത്തപ്പോൾ പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു.നഴ്സുമാർ ചോദിച്ചപ്പോൾ അദ്ധ്യാപകനാണെന്നാണ് ജോമോൻ മറുപടി നൽകിയത്.
അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു.ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.