പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാർ.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു, 16-ാം പ്രതി മുനീർ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെവിട്ടു.13 പ്രതികൾക്കെതിരായ നരഹത്യാക്കുറ്റവും അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണ്ണാർക്കാട് എസ്‍സി/എസ്‍ടി പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി കോടതി ബുധനാഴ്ച പറയും. വിധി കേൾക്കായി മധുവിൻ്റെ മാതാവും സഹോദരിയും കോടതിയിൽ എത്തിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു (27) ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. മുക്കാലി കവലയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം മധുവിനെ മർദിച്ചത്. കാട്ടിൽ മരക്കൂട്ടം ശേഖരിക്കാൻ പോയ ആൾ മധുവിനെ കണ്ടതോടെ ആളുകളെ വിളിച്ചുവരുത്തി. തുടർന്നാണ് 12 അംഗം സംഘം മധുവിനെ ചോദ്യം ചെയ്തതും അതിക്രൂരമായി മർദിച്ചതും.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയും സെൽഫിയെടുത്തും പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.കൈകൾ ബന്ധിച്ചു മധുവിനെ മുക്കാലി കവലയിലേക്കു എത്തിച്ചു പരസ്യവിചാരണ നടത്തി. പോലീസിനെ വിവരം അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഈ സമയം മധു മർദനമേറ്റ് അവശനിലയിലായിരുന്നു.
പോലീസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീപ്പിൽവെച്ചു മധു ഛർദിച്ചു. പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു. അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മധുവിൻ്റെ ശരീരത്തിൽ 42 മുറിവുകളും കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവവും തലയ്ക്കേറ്റ പരിക്കുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.