പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത് നാലുവർഷത്തോളം കോടതി കയറി ഇറങ്ങിയ എൺപത്തിനാലുകാരിയായ ഭാരതിയമ്മ പൊലീസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഭാരതിയമ്മയുടെ മക്കൾ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരതര വീഴ്ചക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭാരതിയമ്മയുടെ അഭിഭാഷകന് പറഞ്ഞു.
നാലു വര്‍ഷം ഭാരതിയമ്മക്ക് ഉണ്ടായിട്ടുളള നഷ്ടത്തിന് പൊലീസോ ബന്ധപ്പെട്ട വകുപ്പോ നഷ്ടപരിഹാരം നല്‍കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തയ്യാറാവണമെന്നും കുടുംബം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീക്കെതിരെ ചുമത്തിയ കേസാണ് ഭാരതിയമ്മയെ കുടുക്കിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതിൽ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനൽചില്ലും തകർത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുടമയായ രാജഗോപാൽ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകി.
പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഭാരതിയമ്മ എന്നായിരുന്നു വീട്ടുജോലിക്കാരി നൽകിയിരുന്ന പേര്. വീട്ടുപേര് യഥാർത്ഥ ഭാരതിയമ്മയുടേതും നൽകി. തുടർന്ന് ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരി ഒളിവിൽ പോയി. കേസ് അന്വേഷിച്ച പൊലീസ് 20 വർഷത്തിന് ശേഷം പൊലീസ് വീട്ടുവിലാസത്തിൽ ഭാരതിയമ്മയെ അന്വേഷിച്ചെത്തി. ചെയ്യാത്ത കുറ്റത്തിന് പിറ്റേന്ന് കോടതിയിൽ ഹാജരായി.
നാലു വർഷത്തിനിടയ്ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നും ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്. ഈ ചൊവ്വാഴ്ച പരാതിക്കാരൻ നേരിട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നൽകിയതോടെയാണ് ഭാരതിയമ്മ രക്ഷപ്പെട്ടത്. പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. 1998ൽ എടുത്ത കേസിലാണ് ഭാരതിയമ്മ കുറ്റവിമുക്തയായത്.