പാലക്കാട്: നെന്മാറയിൽ വിഭാഗീയതയെ തുടര്‍ന്ന് കോൺഗ്രസ് കൊടി ഉയര്‍ത്തിയ പാര്‍ട്ടി ഓഫീസ് സിപിഐ തിരികെ പിടിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ഓഫീസിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് കൊടി കെട്ടിയിരുന്നു. വിഭാഗീയതയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നെന്മാറ മുൻ മണ്ഡലം സെക്രട്ടറി എംആര്‍ നാരായണനെ പിന്തുണക്കുന്നവരായിരുന്നു കോൺഗ്രസ് കൊടി കെട്ടിയത്.
സിപിഐ ഓഫീസ് നാരായണന്റെ പേരിലാണെന്ന വാദമുയർത്തിയാണ് പ്രവർത്തകർ കൊടി കെട്ടിയത്. ഇത് അഴിച്ച ശേഷമാണ് പ്രകടനമായെത്തിയ പ്രവർത്തകർ ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ നേതൃത്വത്തിൽ സിപിഐ പതാക ഉയർത്തിയത്. ശേഷം ലോക്കൽ കമ്മിറ്റി യോഗം ചേരുകയും ചെയ്തു. അതേസമയം പുറത്താക്കിയ നാരായണനും സംഘവും ഡിസിസി പ്രസിഡന്റുമായി ചർച്ച നടത്തി. ഇവരെല്ലാം ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.