പാലക്കാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ വേറിട്ട വാദവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് സരിന് പറയുന്നു. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ പറഞ്ഞു.
സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ തിരിച്ചറിയാൻ പാലക്കാട്ടുകാർക്ക് കഴിയും. ഷാഫിയുടെ മാസ്റ്റർ പ്ലാനിൽ പെട്ടതാണോ ഇതെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പി സരിന്, ചാക്കും ട്രോളിയും പ്രധാന പ്രചാരണ വിഷയമാക്കൂമെന്നും കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പാലക്കാട്ടെ പാതിരാ പരിശോധന കൊടകര കുഴല്‍പ്പണ കേസ് ബാലൻസ് ചെയ്യാൻ സിപിഎമ്മും ബിജെപിയും ചേർന്ന് നടത്തിയ നാടകമാണെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് ഇന്നലെ കണ്ടത്. പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങൾ സിപിഎം മാധ്യമങ്ങൾക്ക് നൽകി.
കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയാണ് റെയ്ഡ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പൊലീസ് റെയ്ഡിന് വരികയെന്നും സതീശൻ ചോദിക്കുന്നു. ഈ സംഭവത്തോടെ യുഡിഎഫിൻ്റെ ഭൂരിപക്ഷം കൂടുമെന്നും വി ഡി സതീശൻ പറഞ്ഞു.