പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം. ബൈക്ക് പൊളിച്ചതായി സംശയിക്കുന്ന പഴയ മാർക്കറ്റിൽ പൊലീസ് പരിശോധന നടത്തി. പട്ടാമ്പിയിലെ ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലാണ് പരിശോധന. ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
അതേസമയം, ശ്രീനിവാസന് വധക്കേസ് പ്രതിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കേസിൽ അറസ്റ്റിലായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേല്‍ക്കുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചുവെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു