പാലക്കാട് ആർ.എസ്.എസ് നേതാവിന്റെ കൊലപാതകം : രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആർ ; സുബൈറിന്റെ കൊലപാതകത്തോടുള്ള പ്രതികാരം ; പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്

പാലക്കാട് : ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്  രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡന്റായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ എത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.

Advertisements

ആറ് പേരാണ് സംഘം ചേര്‍ന്നെത്തി കൊലപാതകം നടത്തിയത്. സുബൈറിന്റെ സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയമായ കൊലപാതകമാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പ്രതികളുടെ പേരോ മറ്റു വിവരങ്ങളോ ഇല്ല. വാഹനത്തിന്റെ നമ്പറും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ വാഹനം എതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.10-ഓടെയാണ് പാലക്കാട് പട്ടണത്തിലെ മേലാമുറിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുവില്പന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം വെട്ടിയത്. തലയ്ക്കും കാലിനും പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതികള്‍ പാലക്കാട്ടുകാര്‍ തന്നെയാണ് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ തിരിച്ചറിയുന്നതിന് സഹാകരമായി എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഇരുചക്രവാഹനത്തിന്റെ നമ്ബരും പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പോപ്പുലര്‍ ഫ്രണ്ടില്‍ ഭാരവാഹിത്വമുള്ളവരും നഗരപരിധിയില്‍ ഉള്‍പ്പെടുന്നവരും സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീനിവാസന്റെ കൊലപാതകം അന്വഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്‌പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. പാലക്കാട് നഗരത്തിലും തൊട്ടടുത്തുള്ള പിരായിരി പഞ്ചായത്തിലും ഉള്ളവരാണ് പ്രതികളെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൂന്ന് വാഹനങ്ങളിലായാണ് കൊലയാളി സംഘം വന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതുവഴിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

നിലവില്‍ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തന്നെയാണ് പ്രതികള്‍ എന്ന സൂചനകളൊന്നുമില്ല. നിലവില്‍ പാലക്കാട് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ശ്രീനിവാസന്റെ വിലാപയാത്രയ്ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങള്‍ തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനമുയര്‍ന്നിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പള്ളിയില്‍ പോയി പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കുമടങ്ങുകയായിരുന്ന സുബൈറിനെ കുപ്പിയോടിനുസമീപം കാറിടിച്ചുവീഴ്‌ത്തി അഞ്ചംഗസംഘം വെട്ടുകയായിരുന്നു. രണ്ടുകാറുകളില്‍ എത്തിയ അക്രമിസംഘം, ബൈക്കിലിടിപ്പിച്ച കാര്‍ ഉപേക്ഷിച്ചശേഷം രണ്ടാമത്തെ കാറില്‍ രക്ഷപ്പെട്ടു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുബൈര്‍ മരിച്ചു. പിതാവ് അബൂബക്കറിന് ബൈക്കില്‍നിന്നുവീണ് നിസ്സാരപരിക്കേറ്റിരുന്നു.

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതതല ഗൂഢാലോചനയ്ക്ക് ശേഷമാണ് അക്രമികള്‍ കൃത്യം നടത്തിയിരിക്കുന്നത്. അക്രമികള്‍ക്ക് വിദേശ സഹായവും ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് മുന്‍പായി പൊലീസ് പിക്കറ്റിങ് പിന്‍വലിച്ചിരുന്നു. ഇത് ദുരൂഹമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇത് അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട് നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകീട്ട് കളക്റ്റ്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാകും യോഗം. എല്ലാ രാഷ്ട്രീയ കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിക്കുമെങ്കിലും ഏതെല്ലാം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. എസ്ഡിപിഐയുമായി യാതൊരു സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ഇരു കേസുകളിലെയും പ്രതികളെ പിടികൂടി ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് പൊലീസ് ശ്രമം.

എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. ശ്രീനിവാസിന്റെ കൊലയാളികള്‍ സഞ്ചരിച്ച മൂന്ന് ബൈക്കുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Hot Topics

Related Articles