പാലാ: കോട്ടയം പാലായിൽ മനോരോഗികൾക്കുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിൽ കലർത്തി നൽകി ഭർത്താവിനെ കൊലപ്പെടുത്താൻ യുവതി ശ്രമച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതി ആശാ സുരേഷിന് ഈ ‘ബുദ്ധി’ ഉപദേശിച്ചതാര് എന്ന് കണ്ടെത്താനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഭർത്താവിനെ മയക്കികിടത്താനുള്ള വിദ്യ യുട്യൂബിൽ കണ്ട് മനസിലാക്കിയതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പും, മറ്റന്വേഷണങ്ങളും നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവിനെ അപായപ്പെടുത്തി മറ്റെന്തെങ്കിലും നേട്ടങ്ങൾക്ക് ഇവർ ശ്രമിച്ചിരുന്നോ എന്ന കാര്യമാണ് പ്രത്യേകം അന്വേഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതൊടൊപ്പം സ്വന്തം പിതാവിനും ഇപ്രകാരം മരുന്ന് മാതാവ് പലപ്പോഴും നൽകിയിരുന്നുവെന്ന ആശയുടെ മൊഴിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇവരുടെ മാതാപിതാക്കൾ ഇപ്പോൾ വിദേശത്താണ്. ഇവരെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കും. മൂന്ന് വർഷം മുമ്പ് ഭർത്താവ് ഉപദ്രവിക്കുന്നതായി കാട്ടി ആശ പാലാ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ചില ജനപ്രതിനിധികളും മറ്റും ഇടപെട്ട് കേസ് ഒത്തുതീർത്തു. അപസ്മാരത്തിന് ആശ കഴിക്കുന്ന മരുന്നും ഭർത്താവിന് പലപ്പോഴും ഭക്ഷണത്തിൽ കലർത്തിക്കൊടുത്തിരുന്നു.
പാലായിലെ ഒരു നീതി മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ രണ്ട് കടകളിൽ നിന്നാണ് ഓരോ മാസവും മരുന്നുകൾ വാങ്ങിയിരുന്നത്. ഇതിന്റെ ബില്ലുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ശേഖരിക്കും. ഇന്നലെ ആശയുടെ ഏക സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനായ ഇയാൾ ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐ. കെ.പി.ടോംസൺ, എസ്.ഐ എം.ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.