ഗാസ: യഹിയ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഗാസയിൽ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അൽ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ അറിയിച്ചു. ‘യഹിയ സിൻവാർ, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു.’ വീഡിയോ സന്ദേശത്തിൽ ഖലീൽ പറയുന്നു. ജറുസലേം തലസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീൽ കൂട്ടിച്ചേർത്തു.
ഗാസയിൽ ഏറ്റുമുട്ടലിൽ മൂന്നു പേരെ വധിച്ചുവെന്നും അതിൽ ഒരാൾ ഹമാസ് തലവൻ യഹിയ സിൻവാർ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കിയത്. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിഫൻസ് ഫോഴ്‌സിന്റെ ഒരു യൂണിറ്റ് റാഫയിലെ താൽ അൽ സുൽത്താനിൽ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച യഹിയ ഉൾപ്പെടെ മൂന്നുപേരെ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടത്.
ഇതിന് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാൽ യുദ്ധം ഉടൻ അവസാനിക്കുമെന്നും ഇറാൻ പടുത്തുയർത്തിയ ഭീകരവാദത്തിന്റെ അച്ചുതണ്ട് തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പ്രതികരിച്ചിരുന്നു.