ஜிദ്ദ: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാത്രി തന്നെ മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം. പഹല്‍ഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗവും നാളെ ചേരും. പ്രധാനമന്ത്രി സൗദിയിലും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ അമേരിക്കയിലുമാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയാണ്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഇന്ത്യ- സൗദി ഉച്ചകോടി തുടങ്ങിയത്. സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും സൗദി കിരീടാവകാശി വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെയാണ് മോദി സൗദിയിലെത്തിയത്. സൗദി കിരീടാവകാശിയുമായുള്ള ചർച്ച നടന്നുവരികയാണ്. എന്നാല്‍ ഇതിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ തൊഴിലാളികളുടെ ഫാക്ടറി സന്ദർശനം, വ്യവസായികളുമായി കൂടിക്കാഴ്ച്ച എന്നിവയായിരുന്നു മോദിയുടെ നാളത്തെ പരിപാടികള്‍. ഇതെല്ലാം റദ്ദാക്കിയാണ് മോദി മടങ്ങുന്നത്. നാളെ രാവിലെ മോദി ഇന്ത്യയില്‍ മടങ്ങിയെത്തും. എന്നാല്‍ നാളെ തന്നെ കാശ്മീരിലേക്ക് പോവുമോ എന്നതുള്‍പ്പെടെയുള്ള വിവരം പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗദിയിലെത്തിയ മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയല്‍ എയർഫോഴ്സിൻ്റെ അസാധാരണ സ്വീകരണം നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്ബടിയായി സൗദി റോയല്‍ എയർഫോഴ്സിൻ്റെ മൂന്ന് വിമാനങ്ങള്‍ പറന്നു. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൗദി എയർഫോഴ്സിൻറെ ഈ അസാധാരണ നടപടി.
മോദിയുടെ വിമാനത്തിന് അകമ്ബടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ജിദ്ദയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിദ്ദയിലെത്തിയത്. ഇന്ത്യയും സൗദിയും തമ്മില്‍ പ്രധാനപ്പെട്ട കരാറുകളുടെയും സഹകരണത്തിന്റെയും പ്രഖ്യാപനങ്ങളും നടക്കുമെന്നാണ് വിവരം.