തിരുവനന്തപുരം : മലയാളി യുവാവിനെ പോളണ്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. ഐ.എൻ.സി ബാങ്ക് ജീവനക്കാരനാണ്. 24ന് ഉച്ചവരെ ഷെരീഫ് വീട്ടുകാരുമായി സംസാരിച്ചിരുന്നു, പിന്നീട് ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് ഷെരീഫിന്റെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. സുഹൃത്തുക്കളും ബാങ്ക് മാനേജരരും സ്ഥലത്തെത്തിയപ്പോൾ അവിടെ ഇബ്രാഹിം ഷെരീഫ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ മാത്രമാണുണ്ടായിരുന്നത്.
പിന്നീട് മലയാളി അസോസിയേഷൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനായ എമിലാണ് കൊലപാതകം നടത്തിയതെന്ന് പോളണ്ട് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. വി.കെ. ശ്രീകണ്ഠൻ എം.പി പോളണ്ടിലെ ഇന്ത്യൻ എംബസിക്ക് കത്തയച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിച്ച് ഇബ്രാഹിം ഷെരീഫിന്റെ കുടുംബം മുഖ്യമന്ത്രിക്കും കത്തയച്ചു.