പള്ളം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൽ ചിങ്ങവനം ജനമൈത്രി പോലീസിനൊപ്പം ബുക്കാനൻ ഇൻസ്റ്റിറ്റിയൂഷൻ ഗേൾസ് ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും. ചിങ്ങവനം ജനമൈത്രി പോലീസും ചിങ്ങവനം വ്യാപാരി വ്യവസായ ഏകോപന സമിതിയും ബുക്കാനൻസ്റ്റുഡൻറ് പോലീസും ഒത്തുചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ നടത്തി. ബുക്കാനൻ ജംഗ്ഷനിൽ നിന്നും ചിങ്ങവനം മാർക്കറ്റ് ജംഗ്ഷനിലേക്ക് സ്‌കൂൾ ബാൻഡ്‌സെറ്റിന്റെ അകമ്പടിയോടെ കൂട്ടയോട്ടം നടത്തി.


തുടർന്ന് ചിങ്ങവനത്ത് ബുക്കാനൻ എസ്.പി.സി കേഡറ്റ്‌സ് ലഹരി വിരുദ്ധ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ.വി.എസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗം ഇല്ലാതാക്കുവാൻ തങ്ങളെ കൊണ്ട് സാധിക്കും വിധം പ്രയത്‌നിക്കുമെന്നും ലഹരിവിരുദ്ധ ബോധവത്കരണം നടത്താൻ തങ്ങളാലാവും വിധം പരിശ്രമിക്കുമെന്നും കുട്ടികൾ ദൃഢനിശ്ചയം ചെയ്തു.വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ജിമ്മിയും സന്നിഹിതനായിരുന്നു. ലഹരിവിരുദ്ധ സന്ദേശങ്ങൾഎത്തിക്കുവാൻ സ്‌കൂളിന്റെ സമീപ സ്ഥാപനങ്ങളിലും ബുക്കാനൻ സ്റ്റുഡന്റ് പോലീസ് അംഗങ്ങൾ സന്ദർശനം നടത്തി.