പള്ളിക്കത്തോട്ടിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; മരിച്ചത് കാഴ്ച പരിമിതനായ ആനിക്കാട് സ്വദേശി

പള്ളിക്കത്തോട്: നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ആനിക്കാട് ഉദിക്കുഴ തേങ്ങാക്കൂട്ടുങ്കൽ വീട്ടിൽ ടി.എം മാത്യു (ബാബു -56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വീടിന് 50 മീറ്റർ അകലെ ഉദിക്കുഴയിലായിരുന്നു സംഭവം.

Advertisements

രാവിലെ ലോട്ടറി വിൽപ്പനയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങി കാൽനടയായി റോഡരികിലൂടെ നടന്നു പോകവെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തലയിടിച്ച് മാത്യു വീഴുകയായിരുന്നു. തലയക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ രാത്രി ഒൻപതോടെ മരണം സംഭവിച്ചു. മാത്യുവിന് കാഴ്ച്ച കുറവുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പള്ളിക്കത്തോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: എൽസി. മക്കൾ: സുനിത, സുനിൽ. മരുമകൻ: അനീഷ്. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles