കോട്ടയം : പള്ളിക്കത്തോട്ടിൽ വീണ്ടും തോക്ക് വിവാദം. ബി ജെ പി പ്രവർത്തകന്റെ നേതൃത്വത്തിൽ ജിമ്മിൽ കയറി ട്രെയിനറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായുളള സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പള്ളിക്കത്തോട് ബസ് സ്റ്റാൻഡിലെ ജിം ട്രെയിനറായ ആനിക്കാട് ഓലിയ്ക്കൽ സജേഷ് സത്യനെയാണ് തോക്ക് ചുണ്ടി അക്രമി സംഘം ആക്രമിച്ചത്. കേസിലെ പ്രതിയായ സഞ്ജയ് അടക്കം മൂന്ന് പേരെ പള്ളിക്കത്തോട് പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ പള്ളിക്കത്തോട് പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട രണ്ടുപേർ തമ്മിലുണ്ടായ സംഘർഷത്തിൽ സജേഷ് ഇടപെട്ടിരുന്നു. ഈ വിഷയത്തിൽ സജേഷ് മർദ്ദിച്ചതായി സംശയിച്ചാണ് സഞ്ജയ് അടങ്ങുന്ന സംഘം വൈകിട്ട് ജിമ്മിൽ എത്തിയത്. സഞ്ജയ് അരയിൽ കരുതിയിരുന്ന തോക്ക് ജിമ്മിലേക്ക് ചൂണ്ടിയാണ് കയറിയത്. തുടർന്ന് സജേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സജേഷിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ ജിമ്മിൽ പരിശീലനത്തിൽ എത്തിയവർക്ക് നേരെയും സഞ്ജയ് തോക്ക് ചൂണ്ടി. ക്രൂരമായി മർദ്ദനമേറ്റ സജേഷിനെ പാലാ മാർ സ്ളീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. നേരത്തെയും പള്ളിക്കത്തോട് അടക്കം സമാന രീതിയിൽ തോക്ക് കണ്ടെത്തിയ വിവാദം ഉണ്ടായിരുന്നു.