പള്ളം : പത്താം ക്ലാസ് പഠിച്ചു പിരിഞ്ഞതിന് ശേഷം 50 കൊല്ലം വേണ്ടി വന്നു അവർക്ക് ഒന്ന് ഒത്ത് കൂടാൻ. പള്ളം ബുക്കാനൻ പെൺപള്ളിക്കൂടത്തിലെ 74-75 പത്താം ക്ലാസ് ബാച്ച്. അവർക്ക് അനുഗ്രഹങ്ങൾ അർപ്പിക്കാൻ അധ്യാപകരും ഒത്തുചേർന്നപ്പോൾ.അത് അര നൂറ്റാണ്ടു പഴക്കമുള്ള ഓർമകളുടേയും അനുഭവങ്ങൾ പങ്കുവെക്കലിന്റെയുംആഹ്ളാദ സംഗമ വേദിയായി.പ്രായം കൊണ്ട് രൂപവും ഭാവവും മാറിപ്പോയവർ , കണ്ടിട്ടും മിണ്ടിയിട്ടും മനസ്സിലാവാതെ പേരു കേട്ട് അത്ഭുതത്തോടെ അന്നത്തെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചവർ, കണ്ടിട്ടും പേരു പറഞ്ഞിട്ടും തിരിച്ചറിയാത്തവർ അന്നത്തെ ക്ലാസ് മുറിയിൽ ഇരിപ്പിടവും ചൂണ്ടി പരസ്പരം ഓർമപ്പെടുത്തിയവർ, അങ്ങനെ ഓർത്തും ഓർമിപ്പിച്ചും പൊട്ടിച്ചിരിച്ചും കരഞ്ഞും ഒരു പകൽ മുഴുവൻ.
80 കഴിഞ്ഞ പൊന്നമ്മ ടീച്ചറിനു ചുറ്റും 60 കഴിഞ്ഞ 24 പേർ ഒത്തുകൂടി . ഇത്രയും പേരെ ഒന്നിച്ചു കണ്ടതിലും അവരുടെ സ്നേ ഹവായ്പിൽ മുങ്ങി മതിമറന്ന് പൊന്നമ്മ റ്റീച്ചർ നിറകണ്ണുകളുമായി നിന്നു . ഈ സംഗമത്തിന് ചുക്കാൻ പിടിച്ച രത്നമ്മയും സംഗമത്തിന് മുഖ്യ ഊർജമായി യുകെ യിൽ നിന്നെത്തിയ അന്നമ്മ ജോയി, എറണാകുളത്തു നിന്നെത്തിയ മഹാരാജാസ് റിട്ട. പ്രൊഫ. ഡോ. സൂസമ്മ എ.പി. എല്ലാവർക്കും ആതിഥ്യമരുളി ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് മീനു മറിയം ചാണ്ടി, മുൻ ഹെഡ്മിസ്ട്രസ്സും പൂർവ്വ വിദ്യാർത്ഥിനിയുമായ മേരി മാണി, മാഗി പി.ജോൺ , ബിന്ദു പി. ചാക്കോ എന്നിവരും പങ്കെടുത്തു. വരുന്ന വർഷങ്ങളിലെല്ലാം വീണ്ടും ഒത്തുകൂടണമെന്ന തീരുമാനത്തോടെ നേരം വൈകിയിട്ടും മനസ്സില്ലാമനസ്സോടെ അവർ പിരിഞ്ഞു.