കോട്ടയം: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. പാമ്പ് പിടുത്തത്തിലെ അശാസ്ത്രീയതയും വിമര്‍ശനങ്ങളും സുരേഷിന് നേരെ ഉയരുമ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് പാമ്പുകളോടുള്ള പേടി മാറാന്‍ വാവ സുരേഷ് വഹിച്ച പങ്ക് ചെറുതല്ല. പാമ്പുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പാമ്പുകളോടുള്ള ഭയം കുറയ്ക്കുന്നതിനുമായിരുന്നു വാവ സുരേഷ് ശ്രദ്ധിച്ചിരുന്നത്.
വനംവകുപ്പ് ഉള്‍പ്പെടെ ഇത്തരം ബോധവല്ക്കരണ ക്ലാസുകള്‍ വാവയെ ഏല്‍പ്പിക്കുന്നത് പതിവായിരുന്നു. ഉത്രക്കേസ് അന്വേഷണത്തില്‍ ഉള്‍പ്പെടെ വാവ സുരേഷിന്റെ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായി. സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കാതിരുന്നിട്ടും വാവ കേരളത്തിലെ സെലിബ്രിറ്റി തന്നെയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ വാവ സുരേഷാണോ കേരളത്തിലെ ആദ്യ താരപരിവേഷമുള്ള പാമ്പ് പിടുത്തക്കാരന്‍ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. ഇന്നത്തെ തലമുറയ്ക്ക് വാവ സുരേഷിനെ പോലെ പരിചിതനായിരുന്നു മുന്‍പുള്ള തലമുറയ്ക്ക് പാമ്പ് വേലായുധന്‍. കേരളത്തിലെ പ്രശസ്തനായ പാമ്പുപിടുത്തക്കാരനും സര്‍പ്പയജ്ഞക്കാരനുമായിരുന്നു പാമ്പ് വേലായുധന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തമലിപ്പറമ്പ് വേലായുധന്‍. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂര്‍ വേലായുധന്‍ ചെലവഴിച്ചു നടത്തിയ യജ്ഞത്തോടെ ജന- മാധ്യമ ശ്രദ്ധയാകര്‍ഷിച്ച പാമ്പ് പിടുത്തക്കാരന്‍.
1947-ല്‍ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ ജനിച്ച വേലായുധന്‍ ആദ്യം കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു. വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി. 1980-ല്‍ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് നടത്തിയ സര്‍പ്പയജ്ഞത്തിലൂടെയാണ് തമലിപ്പറമ്പ് വേലായുധന്‍ ശ്രദ്ധേയനാകുന്നതും. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂര്‍ (ഏതാണ്ട് ഒരു മാസം) കണ്ണാടിക്കൂട്ടില്‍ കഴിഞ്ഞ അദ്ദേഹം അങ്ങനെ ശ്രദ്ധേയനാകുകയായിരുന്നു. ഈ ‘സര്‍പ്പയജ്ഞം’ അദ്ദേഹത്തെ ഗിന്നസ്സ് റെക്കോര്‍ഡിലെത്തിച്ചു. പിന്നീട് പല സ്ഥലങ്ങളില്‍ അദ്ദേഹം സര്‍പ്പയജ്ഞം നടത്തിയിട്ടുണ്ട്.
അവസാനകാലത്ത് സര്‍പ്പയജ്ഞം നിര്‍ത്തിയ വേലായുധന്‍ പാമ്പിന്‍വിഷത്തെക്കുറിച്ചുള്ള പഠനത്തില്‍ മുഴുകി. അങ്ങനെയിരിയ്‌ക്കേ, 2000 മേയ് 1-ന് ബേപ്പൂരില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ഒരു കരിമുര്‍ഖന് തീറ്റ കൊടുത്തപ്പോള്‍ അതിന്റെ കടിയേറ്റ് അദ്ദേഹം അന്തരിച്ചു. 53 വയസ്സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്. മുമ്പും പല തവണ പാമ്പുകടിയേറ്റിരുന്നിട്ടും രക്ഷപ്പെട്ട വേലായുധന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് വൃക്കകളെ ബാധിച്ച വിഷബാധയെത്തുടര്‍ന്നാണ്.