പള്ളിക്കത്തോട് : വികസന പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ആഹ്ളാദം പങ്കുവയ്ക്കുന്നതിന് വികസനോത്സവം സംഘടിപ്പിച്ച് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്. 2021-22 സാമ്പത്തിക വർഷം നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും വികസനോത്സവത്തിന്റെ ഭാഗമായി നടന്നു.
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വികസനോത്സവം ഉദ്ഘാടനം ചെയ്തു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ.മാരായ ഉമ്മൻചാണ്ടി, അഡ്വ. മോൻസ് ജോസഫ് എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
മികച്ച പാലിയേറ്റീവ് നഴ്‌സിന് നൽകുന്ന ഫ്‌ളോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്‌കാരം നേടിയ ഷീല റാണിയെ യോഗത്തിൽ ആദരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകൾക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം നേടിയ അകലക്കുന്നം പഞ്ചായത്ത് എവർറോളിംഗ് ട്രോഫി ഏറ്റുവാങ്ങി. യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പാമ്പാടി, എലിക്കുളം പഞ്ചായത്തുകളും പുരസ്‌ക്കാരം ഏറ്റുവാങ്ങി .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
14 ലൈബ്രറികളിൽ വയോജനങ്ങൾക്കായി വയോജന കോർണർ ഒരുക്കുന്നതിനുള്ള ഫർണിച്ചറുകൾ, എൽ.ഇ.ഡി ടിവി, ചെസ്, കാരംസ് ബോർഡുകൾ എന്നിവ വിതരണം ചെയ്തു. വിവിധ സ്ഥാപനങ്ങളിൽ 16 മോഡുലാർ ടോയ്‌ലറ്റുകൾ, 18 സ്‌കൂളുകളിൽ ഷീ പാഡ് യൂണിറ്റ്, അരീപ്പറമ്പ് ക്ഷീരവികസന സംഘത്തിന് മിൽക്ക് എ.ടി.എം, വിവിധ കുടിവെള്ള പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കേന്ദ്രീകൃത ജനറേറ്റർ സംവിധാനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ആർ. ആർ.എഫ്. ഷ്രെഡിംഗ്, ഡെസ്റ്റ് റിമൂവർ സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തലത്തിൽ കാന്റീൻ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കുള്ള ലാപ്‌ടോപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ ബെറ്റി റോയി മണിയങ്ങാട്ട്, പ്രേമ ബിജു, സി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ബി.ഡി.ഒ. എം.എസ്. വിജയൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.