പാമ്പാടി : പുനർനിർമാണം പൂർത്തിയായ പാമ്പാടി സെൻറ് മേരിസ് സിറിയൻ സിംഹാസന കത്തീഡ്രലിൻറെ വിശുദ്ധ മൂറോൻ കൂദാശ ഓഗസ്റ്റ് മാസം 14 15 ദിവസങ്ങളിൽ പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. പരിശുദ്ധ ദേവാലയം 1951 ആഗസ്റ്റ് 15ന് താൽക്കാലിക ചാപ്പലിൽ വിശുദ്ധ ദൈവമാതാവിൻറെ നാമത്തിൽ സ്ഥാപിതമാവുകയും 1973 ജൂൺ 9 ന് അന്ത്യോഖ്യ പ്രതിനിധി മോർ തിമോത്തിയോസ് അപ്രേം അബുദീ മെത്രാപ്പോലീത്ത പരിശുദ്ധ ദൈവ മാതാവിൻറെ ഇടക്കെട്ടിന്റെ ഒരംശം ( വിശുദ്ധ സൂനോറോ) സ്ഥാപിക്കുകയും ചെയ്തു. 1982 ഫെബ്രുവരി 24ന് പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവ ശ്ലൈഹിക സന്ദർശനം നടത്തുകയും 2010 ഡിസംബർ 31ന് ഈ ദേവാലയത്തെ സെൻറ് മേരിസ് സിറിയൻ സിംഹാസന കത്തിഡ്രലായി ഉയർത്തുകയും ചെയ്തു. 2019 ഡിസംബർ 15ന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആശിർവദിച്ച ശില സ്ഥാപിച്ചുകൊണ്ട് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഇടവകാംഗമായ അഭിവന്ദ്യ ഗീവർഗീസ് മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് പുനർനിർമ്മാണം പൂർത്തിയായി വരുന്ന ഈ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. വിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് ഈ മാസം 14ന് വെള്ളൂർ സെൻറ് സൈമൺസ് പള്ളിയിൽനിന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്ക് സ്വീകരണം നൽകും . തുടർന്ന് അഞ്ചുമണിക്ക് വിശുദ്ധ മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടം, പൊതുസമ്മേളനവും 15-ാം തീയതി രാവിലെ 7 മണി മുതൽ വിശുദ്ധ മൂറോൻ കൂദാശയുടെ രണ്ടാംഘട്ടം, വിശുദ്ധ മൂന്നിന്മേൽ കുർബാന, അഭിവന്ദ്യ പിതാവായ യൂഹാനോൻ മോർ പീലക്സിനോസ് വലിയ തിരുമേനിയുടെ കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവയും നടത്തപ്പെടുന്നു.