പനച്ചിക്കാട്: റീജിയണൽ സർവീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ട് മുന്നണികളും. സിപിഎം നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയും, കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുമാണ് ബാങ്കിൽ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇതിനിടെ രണ്ട് മുന്നണികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആദ്യം തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക തള്ളിയ വിവാദമായിരുന്നു എങ്കിൽ ഇപ്പോൾ അത് പരിധികളെല്ലാം വിട്ടിരിക്കുകയാണ്.
കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ മത്സരിക്കുന്ന വ്യക്തി മുൻപ് പീഡനക്കേസിൽ ഉൾപ്പെട്ടയാളാണ് എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇയാൾ മുൻപ് പഞ്ചായത്ത് ഓഫിസിൽ വച്ച് അംഗപരിമിതയായ സ്ത്രീയെ കടന്ന് പിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം ഉള്ളത്. ഇത്തരത്തിലുള്ള പരാതി ഉയർന്നത് പിന്നീട് ഒത്തു തീർപ്പ് ആകുകയായിരുന്നു എന്നാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നത്. ഇത്തരത്തിൽ കളങ്കിത സ്വഭാവമുള്ള വ്യക്തിയെ പാനലിൽ ഉൾപ്പെടുത്തിയതിന് എതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഇത് പാർട്ടിയിൽ പരിഗണിക്കുക പോലും ചെയ്തില്ലെന്ന് ഇവർ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരണ സംഘത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ നേരത്തെ പട്ടിക ജാതി സംവരണ സീറ്റിലേയ്ക്ക് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നൽകിയ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ പോയാണ് അനുകൂല ഉത്തരവ് നേടിയത്. എന്നാൽ, നാമനിർദേശ പത്രിക പൂരിപ്പിക്കുന്നതിലെ പിഴവാണ് ഇത്തരത്തിൽ കോൺഗ്രസ് പാനലിന്റെ പത്രിക തള്ളുന്നതിന് ഇടയാക്കിയത് എന്നാണ് ഇടതു പക്ഷത്തിന്റെ വാദം. ഹൈക്കോടതി നൽകിയത് താല്കാലിക ഉത്തരവ് മാത്രമാണ് എന്നും അന്തിമ വിധി വരുമ്പോൾ പത്രിക തള്ളിപ്പോകുക തന്നെ ചെയ്യുമെന്നും ഇവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഇതിനിടെ പിന്നോക്ക വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിലെ നാമനിർദേശ പത്രിക പോലും കൃത്യമായി പൂരിപ്പിക്കാൻ കഴിയാത്ത യുഡിഎഫ് ദളിത് വിഭാഗത്തെ ചതിക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പത്രിക തള്ളിപ്പോയത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പിടിപ്പുകേട് കൊണ്ടാണ്. അത് പിന്നോക്ക വിഭാഗങ്ങളെ ചതിക്കുന്നതിനു തുല്യമാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.