പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ വ്യാപകമായി വളർത്തു കോഴികളെ വന്യജീവികളെന്ന് സംശയിക്കുന്ന മൃഗങ്ങൾ കൊന്നൊടുക്കി ഭക്ഷിക്കുന്നു. കൂടുതലും പഞ്ചായത്തിൽ നിന്നും നൽകിയ കോഴികളാണ് ഇരയായിട്ടുള്ളതെന്ന് പ്രദേശവാസി ഷൈനി നടുവില പറമ്പിൽ പറഞ്ഞു. വാർഡിന്റെ പല ഭാഗങ്ങളിൽ കാടുകയറി കിടക്കുകയും, സ്വദേശികളല്ലാത്ത ആളുകളുടെ വീടും സ്ഥലവും തോട്ടങ്ങളുമാണ് കാടുപിടിച്ചു കിടക്കുന്നത്. ഈ ഭാഗത്തു നിന്നാണ് കുറുക്കനും കുറുന്നിരിക്കും സാമ്യമുള്ള മൃഗങ്ങളെ കണ്ടത്. പല ആളുകളുടെയും കോഴിക്കൂടിന് സമീപം കണ്ടതായി പരാതി പറഞ്ഞെന്ന് വാർഡ് മെമ്പർ റോയ് മാത്യു പറഞ്ഞു.
എന്നാൽ ഈ പ്രദേശത്ത് കുറുക്കൻ ഉണ്ടെന്നും തന്റെ കോഴിക്കൂടിന് സമീപം പലതവണ കണ്ടിട്ടുണ്ടെന്നും കുറുക്കനെയും കുറുനരിയും കണ്ടാൽ തനിക്ക് തിരിച്ചറിയാൻ പറ്റുമെന്നും റിട്ടയർ ഫോറസ്റ്റ് ഓഫീസർ ജോയ് കുര്യൻ പറഞ്ഞു. എന്നാൽ ജില്ലയിൽ കുറുക്കന്റെ സാന്നിധ്യം ഇല്ലെന്നും ഇവിടെ കണ്ടത് കുറുനരി ആണെന്നുമാണ് വനം വകുപ്പിന്റെ വാദം. കുറുക്കൻ ആയാലും കുറുനരി ആയാലും നഷ്ടം സാധാരണക്കാരന് തന്നെയെന്നും നാട്ടുകാർ പറഞ്ഞു.