കോട്ടയം : ഇന്ത്യയിലെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് കാണാത്തവരുണ്ടെങ്കിൽ അവർക്ക് പനച്ചിക്കാട്ടേക്ക് വരാം. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വിക്രാന്തിന്റെ മിനിയേച്ചർ നിർമ്മിച്ച് വ്യത്യസ്തനാവുകയാണ് പനച്ചിക്കാട് സ്വദേശി സൂരജ് മോഹനൻ . യുദ്ധ വിമാനങ്ങൾക്ക് സഞ്ചരിക്കുവാനുള്ള റൺവേയും , സിഗ്നൽ റഡാറുകളും കപ്പലിലേക്ക് പറന്നടുക്കുന്ന വിമാനവുമൊക്കെയായി ഒറിജിനൽ മാറി നിൽക്കും സുരജിന്റെ ഈ വിക്രാന്ത് കണ്ടാൽ . ഫോറക്സ് ഷീറ്റിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പലിന് ഏകദേശം 5 അടിയിലധികം വലിപ്പമുണ്ട്.
വെള്ളത്തിലൂടെ സഞ്ചരിക്കുവാൻ കഴിയുന്ന രീതിയിലാണ് ഈ കൊച്ചു മിടുക്കൻ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. കുട്ടിക്കാലം മുതലുള്ള സൂരജിന്റെ ഇന്ത്യൻ ആർമിയോടുള്ള അടങ്ങാത്ത താൽപ്പര്യമാണ് യുദ്ധ വിമാനങ്ങളും ഉപകരണങ്ങളും നിർമ്മിക്കുവാൻ കരുത്തായത്. ആർമിയിൽ ചേരണമെന്ന ആഗ്രഹത്തിന് ഉയരക്കുറവ് തടസ്സമായെങ്കിലും കുട്ടിക്കാലത്ത് മനസ്സിൽ കയറിക്കൂടിയ ഇഷ്ടത്തെ സൂരജ് ഒപ്പം കൂട്ടി. നിലവിൽ ഇന്ത്യൻ ആർമിയിലും നാവിക സേനയിലുമായി ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ യുദ്ധ വാഹനങ്ങളും ഉപകരണങ്ങളും ഇന്ന് സൂരജിന്റെ പക്കലുണ്ട്. എയർക്രാഫ്റ്റ് ക്യാരിയർ , യുദ്ധ വിമാനങ്ങൾ , ഹെലികോപ്ടർ, കപ്പൽ , അന്തർവാഹിനി , ലോറികൾ , ട്രക്ക് , പീരങ്കി , ഇന്ത്യൻ ആർമിയുടെ യുദ്ധവിമാനങ്ങൾ തുടങ്ങി ആർമിയുമായി ബന്ധപ്പെട്ട എല്ലാ യുദ്ധ ഉപകരണങ്ങളും വാഹനങ്ങളും സൂരജ് ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളുടേയും യുദ്ധ വാഹനങ്ങൾ , ഉപകരണങ്ങൾ എന്നിവയും സൂരജ് നിർമ്മിച്ചിട്ടുണ്ട്. ഫോറക്സ് ഷീറ്റ് ഹാർഡ് ബോർഡ് എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം . ശേഷം ആവിശ്യമായ നിറങ്ങൾ കൂടി നൽകുന്നതോടെ മിനിയേച്ചറുകൾക്ക് ജീവൻ വയ്ക്കുന്നു. പനച്ചിക്കാട് വടക്കേ പറമ്പിൽ വി പി മോഹനൻ , ഗാനം ദമ്പതികളുടെ രണ്ടാമത്ത മകനാണ് സൂരജ് . നിലവിൽ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിനായി കാത്തിരിക്കുകയാണ് ഈ മിടുക്കൻ. സഹോദരി ശ്രുതി ലക്ഷ്മി നഴ്സിങ് വിദ്യാർത്ഥിയാണ്.