കോട്ടയം : നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്തും കോട്ടയം എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി 6 ദിവസത്തെ പേപ്പർ ബാഗ് നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ 76 പേർക്കാണ് പരിശീലനം നൽകിയത്. 6 ദിവസം ഉച്ചഭക്ഷണം ഉൾപ്പെടെ ക്രമീകരിച്ച് പഞ്ചായത്ത് ഹാളിലാണ് പരിശീലനം നടത്തിയത്. ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്ത് നടത്തിയതിനു ശേഷം 25 വർഷം പിന്നിടുമ്പോഴാണ് ഒരു ഭരണസമിതി ഇത്രയധികം പേർക്കായി ഒരു തൊഴിൽ പരിശീലന പരിപാടി ഏറ്റെടുക്കുന്നത്.
എസ് ബി ഐ യുടെ ഈ പരിശീലന പരിപാടി ഏറ്റെടുത്തു നടത്തിയത് റോസൻ സാക്ക് ജോസഫിന്റെ നേതൃത്തിലുള്ള ചങ്ങനാശ്ശേരിയിലെ എസ് എച്ച് പേപ്പർ ബാഗ്സ് എന്ന സ്ഥാപനമാണ്. പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമാപന യോഗത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ റോസൻ സാക് ജോസഫിനെയും എസ് ബി ഐ ഫാക്കൽറ്റികളായ സിറിൾ , ഗ്രീഷ്മ എന്നിവരെയും പരിപാടിയുടെ ചുമതല പഞ്ചായത്തിനു വേണ്ടി ഏറ്റെടുത്ത വ്യവസായ വകുപ്പിന്റെ ഇന്റേൺ സന്ദീപിനെയും യോഗത്തിൽ മെമന്റോ നൽകി അനുമോദിച്ചു. പ്രിയാമധു , ജീനാ ജേക്കബ്, പി കെ മോഹനൻ ,എം കെ കേശവൻ , ബിന്ദു ജിജി , പി ജി പ്രദീപ് എന്നിവർ പ്രസംഗിച്ചു.