കോട്ടയം : തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ പ്രതിയായ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പത്ത് വർഷം കഠിന തടവ്. മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറി ആർ. ശ്രീകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. വിജിലൻസ് എൻക്വയറി കമ്മിഷൻ ആൻ്റ് സ്പെഷ്യൽ ജഡ്ജ് എം. മനോജാണ് ശിക്ഷിച്ചത്. 2008 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതായി കാട്ടി ക്രമക്കേട് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയത്.
പത്തനംതിട്ട റെയ്ഡ് കോയുടെ വ്യാജ രസീത് ഉപയോഗിച്ച് 75,822 രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തൽ. വിജിലൻസ് ഇൻസ്പെക്ടർമാരായ അമ്മിണിക്കുട്ടൻ , കെ. എ രമേശൻ , ആർ. മധു , സാജു വർഗീസ് എന്നിവർ നടത്തിയ അന്വേഷണം നടത്തിയ കേസിലാണ് നടപടി. ഡി വൈ എസ് പി പി.കൃഷ്ണകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ളിക്ക് പ്രോസിക്യൂട്ടർമാരായ രാജ്മോഹൻ ആർ പിള്ള , കെ.കെ ശ്രീകാന്ത് എന്നിവർ കോടതിയിൽ ഹാജരായി.