തിരുവല്ല :
മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവർ സംഘത്തെ തിരുവല്ല പൊലീസ് സംഘം പിടികൂടി കോട്ടയം പൊലീസിന് കൈമാറി. കഴിഞ്ഞദിവസം രാത്രി പെരുന്തുരുത്തിയിൽ ഒരു ഫർണിഷിങ് ഷോപ്പിനോട് ചേർന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പൊലീസിൽ ലഭിച്ചതുപ്രകാരം രാത്രികാല പെട്രോളിംഗ് സംഘം പെട്ടെന്നുതന്നെ സ്ഥലത്തെത്തി. പൂട്ടുപൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കടയിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേർ ഓടി രക്ഷപെട്ടു. ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പന്തളത്തും പരിസരപ്രദേശങ്ങളിലും ‘ബ്ലാക്ക് മാൻ ‘ മോഡൽ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17 കാരനും സംഘവും ആണ് പിടിയിലായത് . ഇവർ മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്ന ബൈക്ക് കുറച്ച് അപ്പുറത്തായി മാറ്റിവച്ചിരുന്നു. രക്ഷപ്പെട്ട് കടക്കാൻ വേണ്ടി ആ ഭാഗത്തേക്കാണ് മോഷ്ടാക്കൾ ഓടിയത്. പൊലീസ് പിന്നാലെ ഓടി ചതുപ്പുനിലവും കടന്നുപാഞ്ഞ മോഷ്ടാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൂവരെയും പിന്നീട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ കഥ ചുരുളഴിഞ്ഞത്.
കോട്ടയത്തുനിന്നും മോഷ്ടിച്ചതായിരുന്നു ഹീറോ ഹോണ്ട സ്‌പ്ലെൻണ്ടർ ഇനത്തിൽപ്പെട്ട മോട്ടോർ സൈക്കിൾ. വിശദമായി പരിശോധിച്ചപ്പോൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകളിൽ ഓരോ അക്കം ചുരണ്ടി മാറ്റിയ നിലയിലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്തുനിന്നും വന്ന വഴിക്ക് തിരുവല്ലയിൽ മോഷണ ശ്രമം നടത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ സംഘം കോട്ടയത്ത് ഇറങ്ങി ബൈക്ക് മോഷ്ടിച്ചശേഷം തിരുവല്ലക്ക് കടക്കുകയായിരുന്നു. മൂന്ന് ട്രെയിൻ ടിക്കറ്റുകളും ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു. പിന്നീട് കോട്ടയം ഈസ്റ്റ് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അവിടെ നിന്നെത്തിയ പൊലീസിന് മൂവരെയും തിരുവല്ല പൊലീസ് കൈമാറി. പൊലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിലാണ് നടപടികൾ കൈക്കൊണ്ടത്. എ എസ് ഐ ബിനുകുമാർ, സി പി ഓമാരായ സന്തോഷ് കുമാർ, വിനോദ് മുരളി, ശ്യാം എസ് പണിക്കർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയത്.