തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറശ്ശാലയില്‍ യുവാവ് കാറിടിച്ച് മരിച്ച കേസിലെ പ്രതി അമല്‍ ദേവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.അഞ്ചാലി കോണം സ്വദേശി അമല്‍ ദേവ് പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. വ്യാഴാഴ്ച രാത്രി അമല്‍ അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ചാണ് പാറശ്ശാല സ്വദേശി സജികുമാര്‍ മരിച്ചത്. അമല്‍ ദേവ് മദ്യപിച്ച് ബാറില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്ക് പറ്റിയ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കടയുടെ മുന്നില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന സജികുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയ പാതയില്‍ പാറശാല – പവതിയാൻവിളയില്‍ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ബേക്കറിയിലെ ജീവനക്കാരനെ രാത്രിയിലെ ജോലി കഴിഞ്ഞ് കൊണ്ടുപോകാനായി ബേക്കറിയുടെ മുന്നില്‍ ബൈക്കില്‍ കാത്തു നില്‍ക്കുകയായിരുന്നു സജികുമാര്‍. അതിനിടെ കാര്‍ നിയന്ത്രണം വിട്ട് ബൈക്കും ഓട്ടോറിക്ഷയും ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിര്‍ഭാഗത്തുള്ള കടയുടെ വശത്ത് ഇടിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സജികുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.