തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.
ദുരൂഹതകൾ നിറഞ്ഞ ഷാരോണിന്റ മരണത്തിൽ നിർണായകമായത് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർക്ക് തോന്നിയ ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ഗ്രീഷ്മയോട് പോലീസ് ഉദ്യോഗസ്ഥർ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്. ഇതിലാണ് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചത്. മറ്റാർക്കും സംഭവത്തിൽ പങ്കില്ലെന്നാണ് ഇവർ നൽകിയ മൊഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുക.