മണർകാട് : മാറോട് അടുക്കി പിടിച്ച സമ്മാനപൊതിയുമായി ആകാംഷനിറഞ്ഞ കണ്ണുകളോടെ ഗേറ്റിലേക്ക് നോക്കി നിൽക്കുന്ന കുട്ടികൾ, ഓരോ കുട്ടികളുടെയും മുത്തശ്ശന്മാരും മുത്തശ്ശിമാരും എത്തുമ്പോൾ നിരാശയോടെ മിസ്സിനെ നോക്കി മിസ്സേ , എൻറെ അപ്പച്ചനെ ഒന്ന് വിളിക്കുമോ എന്ന് ദയനീയമായ ചോദ്യം. ‘മോളെ , മഴയായതുകൊണ്ടല്ലേ അവരിപ്പോൾ ഇങ്ങെത്തും എന്ന് ടീച്ചറിന്റെ സാന്ത്വനം . സന്തോഷത്താൽ കണ്ണുനിറയാത്തവർ ആരും ഉണ്ടായിരുന്നില്ല. കൊച്ചു മക്കൾ സമ്മാനം തന്ന് കാലിൽ നമസ്കരിച്ച് ആലിംഗനം ചെയ്തപ്പോൾ വല്യപ്പന്റേയും വല്യമ്മയുടേയും കണ്ണൂനീർ ധാരയായി ഒഴുകി.
മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ‘പാരസ്പര്യം , എന്ന പേരിൽ തലമുറകളുടെ സംഗമം വയോജന ദിനത്തോടനുബന്ധിച്ച് നടന്നത്. നൂറ്റിയമ്പതോളം കുട്ടികളും അവരുടെ വല്യച്ചൻമാരും വല്യമ്മമാരും പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികൾ അവർക്ക് നന്ദി ചൊല്ലിയുള്ള കത്തുകളും സമ്മാനങ്ങളും സ്നേഹ ചുംബനങ്ങളും നൽകി. കുട്ടികൾക്ക് ഗ്രേസ് കെയർ ട്രെയിനിംഗ് സെന്ററിന്റെ സമ്മാനങ്ങളും നൽകി.
തന്റെ 75 വർഷത്തെ ജീവിതത്തിലും 40 വർഷത്തെ ഔദ്യോഗിക ജീവിതത്തിലും ഇങ്ങനെ ഒരു പരിപാടി ആദ്യമായിരുന്നെന്ന് ഒരു വല്യച്ചനായ കാർത്തികേയൻ പിള്ള സാർ പറഞ്ഞു.
പെരുമഴയിൽ പെയ്തൊഴിയാത്ത സ്നേഹം അവിടെ നിറഞ്ഞു നിന്നു.
ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിനോടനുബന്ധിച്ച് മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ , വടവാതൂർ ഗ്രേസ് കെയർ ജിറിയാട്രിക് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സെൻററിലെ സോഷ്യൽ വർക്ക് ട്രെയിനീസ് അണിയിച്ചൊരുക്കിയ ‘പാരസ്പര്യം 2023’ ദ ഫെസ്റ്റിവൽ ഓഫ് ലവ് വിത്ത് ഗ്രാൻഡ് പേരെന്റ്സ് എന്ന സ്നേഹസംഗമം ആയിരുന്നു വേദി. 160 ഓളം കുട്ടികളും അത്രയും തന്നെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഈ സമ്മേളനത്തിൽ അണിനിരന്നു. ഈ സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ ഫാദർ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസക്കോപ്പാ അധ്യക്ഷംവഹിച്ചു. യോഗത്തിൽ, സ്കൂൾ പ്രിൻസിപ്പൽ സ്വർണ്ണ മാത്യു , സ്കൂൾ സെക്രട്ടറി ജേക്കബ് വർഗീസ് മുണ്ടിയിൽ , സ്കൂൾ ട്രസ്റ്റി ബിനു റ്റി ജോയ് താഴത്തേടത്ത്, ഗ്രേസ് കെയർ മാനേജർ ടോളി തോമസ് എന്നിവർ സംസാരിച്ചു. തലമുറകളുടെ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഗ്രേസ് കെയർ ഡയറക്ടർ ഡോ.മാത്യു കണമല , പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുന്ന സ്നേഹത്തിൻറെ സുവർണ്ണ നിമിഷങ്ങളെ തിരികെ കൊണ്ടുവരാനുള്ള ഈ പരിശ്രമത്തെ പ്രശംസിച്ചു .
കുട്ടികൾ മുത്തശ്ശി മുത്തശ്ശിമാർ അറിയാതെ അവർക്കായി തയ്യാറാക്കിയ കാർഡ് , കത്ത്,സമ്മാനം എന്നിവ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കയ്യിൽ കൊടുത്ത് അവരുടെ കാലിൽ തൊട്ട് നമസ്കരിച്ച് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു ഗ്രാൻഡ് പേരൻസ് ഡേ അവിസ്മരണീയമാക്കി . പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. സോഷ്യൽ വർക്ക് ട്രെയിനീസ് അവതരിപ്പിച്ച കലാപരിപാടികൾ സ്നേഹ സംഗമത്തിന് തിളക്കമേറ്റി.