അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ജോലിക്കാരിയുടെ അരികില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിനില്‍ നിന്നുള്ള ദമ്പതികളാണ് തങ്ങളുടെ കുഞ്ഞിനെ ആയയുടെ അരികില്‍ ഉപേക്ഷിച്ചുപോയത്.കടന്നുകളയുന്നതിന് മുൻപായി ദമ്പതികള്‍ തന്റെ കയ്യില്‍ നിന്ന് 50,000 യുവാൻ തട്ടിയെടുത്തതായും യു എന്ന പേരില്‍ അറിയപ്പെടുന്ന ആയ ആരോപിച്ചു. താൻ തട്ടിപ്പിനിരയായ കാര്യം ഇവർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ദമ്പതികള്‍ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കള്‍ ആയിരിക്കില്ല എന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.കുഞ്ഞിന്റെ അമ്മയായ യുവതിയുടെ മരിച്ചുപോയ മുൻപങ്കാളിയുടെ പാരമ്പര്യ സ്വത്തായി തങ്ങള്‍ക്ക് 400 മില്യണ്‍ യുവാൻ (55 മില്യണ്‍ യുഎസ് ഡോളർ) ലഭിക്കാനുണ്ടെന്നും അതിന്റെ രേഖകള്‍ ശരിയാക്കുന്നതിനായി തങ്ങള്‍ക്ക് കുറച്ച് ദിവസത്തേക്ക് മാറിനില്‍ക്കണമെന്നും ആയയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ നാടുവിട്ടത്. തങ്ങള്‍ ഉടൻ തിരികവരുമെന്നും അതുവരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കണമെന്നും ഇവർ യുവിനോട് പറഞ്ഞിരുന്നു. കൂടെ കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള മാസശമ്പളമായി 7,000 യുവാൻ (US$1,000) വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഇതുകൂടാതെ യാത്രയുടെ പെട്ടന്നുള്ള ആവശ്യത്തിന് എന്ന് പറഞ്ഞ് ദമ്പതികള്‍ യുവിന്റെ കയ്യില്‍ നിന്നും 50,000 യുവാൻ കടമായും വാങ്ങിയിരുന്നു. എന്നാല്‍ ഇവർ പോയി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവിന് ഇവരെ ബന്ധപ്പെടാൻ കഴിയാതെ വന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവർ മടങ്ങിവരികയോ തനിക്ക് ശമ്പളമായി വാഗ്ദാനം ചെയ്ത പണമോ കടമായി വങ്ങിയ പണമോ നല്‍കിയിട്ടില്ലെന്നാണ് യു പറയുന്നത്.ടിയാൻജിനിലേക്ക് എന്നു പറഞ്ഞാണ് ദമ്പതികള്‍ പോയതെന്നും തങ്ങളുടേതാകാൻ പോകുന്ന സ്വത്തുക്കള്‍ എന്നു പറഞ്ഞ് തന്നെ കാണിച്ച രേഖകളും വസ്തുക്കളുടെ ചിത്രങ്ങളും വ്യാജമായിരുന്നുവെന്നും യു പറഞ്ഞു. 2023 നവംബറിലാണ് ഇത്തരത്തില്‍ ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്.സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കുഞ്ഞ് ഇപ്പോഴും യുവിന്റെ സംരക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടാനുള്ള തീരുമാനത്തിലാണ് യു ഇപ്പോള്‍.