പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം.
ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. എന്നാൽ ലഭിച്ച ഗോൾ അവസരങ്ങൾ മുതലാക്കാൻ ആർക്കും കഴിഞ്ഞില്ല. ബ്രിട്ടന്റെ മൂന്ന് ശ്രമങ്ങളാണ് മലയാളി താരം പി ആർ ശ്രീജേഷ് തടഞ്ഞിട്ടത്. തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യൻ താരം അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങി. ബ്രിട്ടന്റെ വിൽ കാൽനന്റെ മുഖത്ത് അമിതിന്റെ ഹോക്കി സ്റ്റിക് കൊണ്ടതിന് പിന്നാലെയാണ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. 22-ാം മിനിറ്റിൽ ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. പെനാൽറ്റി കോർണറിൽ നിന്ന് ലഭിച്ച പാസിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ് ആണ് വലചലിപ്പിച്ചത്. പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താനായിരുന്നു ഇന്ത്യൻ ശ്രമം. പക്ഷേ 27-ാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചു. ലീ മോർട്ടന്റെ ഗോളിൽ ബ്രിട്ടൻ സമനില പിടിച്ചു. ആദ്യ പകുതിയിലെ രണ്ട് ക്വാർട്ടർ പിന്നിട്ടപ്പോൾ മത്സരം ഓരോ ഗോൾ വീതം നേടി സമനിലയായി.
മൂന്നാം ക്വാർട്ടറിൽ ബ്രിട്ടീഷ് ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. മലയാളി താരം പി ആർ ശ്രീജേഷിന്റെ മികച്ച സേവുകൾ വീണ്ടും ഇന്ത്യയ്ക്ക് ഗുണം ചെയ്തു. മൂന്നാം ക്വാർട്ടറിന്റെ അവസാന നിമിഷം സുമിതി വാൽമികിയ്ക്ക് ഗ്രീൻ കാർഡ് ലഭിച്ചു. ഇതോടെ നാലാം ക്വാർട്ടറിന്റെ തുടക്കം ഇന്ത്യൻ താരങ്ങളുടെ എണ്ണം ഒമ്പതായി കുറച്ചു.
നിർണായകമായ അവസാന 15 മിനിറ്റിലേക്ക് ഇന്ത്യ ഇറങ്ങി. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ റൂപർട്ട് ഷിപ്പർലി ഗ്രീൻ കാർഡ് കണ്ടത് ബ്രിട്ടൻ്റെ താരങ്ങളുടെ എണ്ണം 10 ആയി കുറച്ചു. അവസാന ക്വാർട്ടറിൽ വിജയത്തിനായുള്ള ശ്രമങ്ങൾ ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായി. എന്നാൽ ഇരുടീമുകൾക്കും ഗോൾനേടാൻ കഴിഞ്ഞില്ല. അവസാന നിമിഷത്തെ ബ്രിട്ടന്റെ ശക്താമയ ആക്രണണം ഇന്ത്യൻ പ്രതിരോധം തടഞ്ഞുനിർത്തി.
മുഴുവൻ സമയവും പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ബ്രിട്ടനാണ് ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്തത്. ഒലി പെയ്ൻ പന്ത് പോസ്റ്റിലാക്കി. ഇന്ത്യയ്ക്കായി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത ഹർമ്മൻപ്രീത് സിംഗും ലക്ഷ്യം കണ്ടു. പിന്നാലെ സാക്ക് വലാസ് ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി സുഖ്ജീത് സിംഗ് സ്കോർനില തുല്യമാക്കി. എന്നാൽ മൂന്നാം കിക്ക് ബ്രിട്ടീഷ് താരം കോണോർ വില്യംസൺ പാഴാക്കി. എന്നാൽ ഇന്ത്യയ്ക്കായി ലളിത് ഉപാധ്യ ലക്ഷ്യം കണ്ടു. നാലാം കിക്ക് ബ്രിട്ടനായി എടുത്ത് റോപറും അവസരം പാഴാക്കി. അവസാന കിക്കെടുത്ത രാജ്കുമാർ പാൽ ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യ 4-2ന് ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തി