കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിങ് ഫീയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടോൾ ജീവനക്കാർ സംഘം ചേർന്ന് ആക്രമിച്ചുവെന്ന് മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദ് പൊലീസിന് പരാതി നൽകി. ഉംറ കഴിഞ്ഞു ഇന്നലെ രാവിലെയാണ് റാഫിദും ഉമ്മയും കരിപ്പൂർ എയർ പോർട്ടിൽ എത്തിയത്. മുപ്പതു മിനിറ്റിനുള്ളിൽ ടോൾ പ്ലാസയ്ക്ക് വെളിയിലിറങ്ങി. എന്നാൽ ഒരു മണിക്കൂറിൻ്റെ ചാർജ് ടോൾ പ്ലാസ ജീവനക്കാർ ആവശ്യപ്പെട്ടു. ചോദ്യം ചെയ്തപ്പോൾ ടോൾ പ്ലാസ ജീവനക്കാർ അസഭ്യ വർഷവുമായി എത്തി.
പിന്നാലെ കാറിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി മർദ്ദനം ആരംഭിച്ചു. കുടുംബം നോക്കി നിൽക്കേ റാഫിദനെയിം സഹോദരനെയും ക്രൂര മർദ്ദനത്തിനിരയാക്കിയെന്നാണ് പരാതി. ഹിന്ദി സംസാരിക്കുന്ന ആറു പേർ ചേർന്ന് മർദ്ദിച്ചതായി റാഫിദ് പറയുന്നു. റാഫിദിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളും ഉണ്ട്. പരിക്കേറ്റ റാഫിദും സഹോദരനും കൊണ്ടോട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കരിപ്പൂർ പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.