ന്യൂഡല്‍ഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കില്‍ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തില്‍ പറയുന്നു.
ഇരുവരും ഉടൻതന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റില്‍ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കള്‍ സുരക്ഷാകവചം ഭേദിച്ച് ലോക്സഭയില്‍ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു. പാർലമെന്റിന്റെ സുരക്ഷാചുമതലയുള്‍പ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. ഇതോടെ പാർലമെന്റ് സുരക്ഷ കൂടുതല്‍ ശക്തമാവുമെന്നാണ് സൂചന. എല്ലാത്തരം സന്ദർശനത്തിനും നിയന്ത്രണമുണ്ടായേക്കും.