പത്തനംതിട്ട : പ്രിവന്റീവ് ഓഫീസർ ഉൾപ്പെടെയുള്ള എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളിൽ രണ്ടുപേർ അറസ്റ്റിൽ. മലയാലപ്പുഴ ചീങ്കൽതടം ആവനിലയത്തിൽ വീട്ടിൽ ആകാശ് മോഹൻ (32), ചീങ്കൽതടം അയത്തിൽ പുത്തൻവീട്ടിൽ അരുൺ അജിത് (32) എന്നിവരെയാണ് ഇന്ന് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒന്നിന് സീതത്തോട് ഗുരുനാഥൻമണ്ണിൽ അബ്കാരി റെയ്ഡിനെത്തിയപ്പോൾ, പോസ്റ്റ് ഓഫീസിനു മുൻവശം വച്ച് പ്രിവന്റീവ് ഓഫീസർ പ്രസാദിനും ഒപ്പമുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കുമേതിരെയാണ് ആക്രമണമുണ്ടായത്. കേസിൽ ഏഴും എട്ടും പ്രതികളാണ് ആകാശും അരുണും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഇരുവരും, കോടതി നിർദേശപ്രകാരം സ്റ്റേഷനിൽ ഹാജരായതിനെതുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവദിവസം ഉച്ചയ്ക്ക് മൂന്ന് വാഹനങ്ങളിലായെത്തിയ പ്രതികൾ, എക്സൈസ് ഉദ്യോഗസ്ഥരെ ചീത്തവിളിച്ചുകൊണ്ട് ആക്രമിക്കുകയും പ്രിവന്റീവ് ഓഫീസറുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രസാദ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും, തുടർന്ന് ഇദ്ദേഹത്തിന്റെ മൊഴിവാങ്ങി ചിറ്റാർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ, സംഭവസ്ഥലത്തിന് കുറച്ചകലെ ഒളിപ്പിച്ചനിലയിൽ, പ്രതികൾ സഞ്ചരിച്ച ജീപ്പ് കണ്ടെടുത്തിരുന്നു. മറ്റ് വാഹനങ്ങളായ രണ്ട് സ്കൂട്ടറുകൾ എക്സൈസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയതിനെതുടർന്ന് പോലീസ് അവ ബന്തവസ്സിലെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിനിടെ പ്രതികൾ ഒളിവിൽ പോയി. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ സണ്ണി ജോർജ്ജ്, എസ് സി പി ഓ അജി കർമ്മ എന്നിവരും സംഘത്തിലുണ്ട്.