പത്തനംതിട്ട : പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി അസീസാണ് (32) ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഈമാസം 11 ന് ഉച്ചയ്ക്ക് പന്തളം ആറന്മുള റോഡിൽ കുറിയാനിപ്പള്ളിയിലാണ് അപകടം നടന്നത്. സ്ത്രീകൾക്ക് പോലീസ് സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് എടുക്കാൻ കോഴഞ്ചേരിയിലേക്ക് പോയപ്പോൾ ആണ് അപകടം സംഭവിച്ചത്. ദിശ തെറ്റിച്ച് അമിതാവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സിൻസിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം അമിതമായി നഷ്ടപ്പെട്ടകാരണം രക്തസമ്മർദ്ദം താഴ്ന്നിരുന്നു. അതിനാൽ അടിയന്തിര ശസ്ത്രക്രിയ സാധ്യമായില്ല. കഴിഞ്ഞ ഒരു വർഷമായി ജില്ലാ ആസ്ഥാനത്തെ വനിതാ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി നോക്കിവരികയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകുന്ന ട്രെയ്നർ ആയിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും മറ്റും ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ചെങ്ങന്നൂർ ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് പത്തനംതിട്ട എ ആർ കാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. നാലു മണിയ്ക്ക് പന്തളം കുളനടയിലെ ഭർത്താവ് സനലിന്റെ വീട്ടിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും. കിടങ്ങന്നൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന
സിദ്ധാർത്ഥ് (13) ഏകമനാണ്.
പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ മരിച്ചു : മരിച്ചത് കുറിയാനിപ്പള്ളിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥ
Advertisements