കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച കേസ് : ഒരാൾകൂടി പോലീസ് പിടിയിൽ

പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും, വീട്ടമ്മയെയും മകളെയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെ കൂടി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രി 9 മണി കഴിഞ്ഞ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുവച്ചാണ് സംഭവം. കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ വീട്ടിൽ പി ജെ മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ രണ്ടാം പ്രതി ഇരവിപേരൂർ കുറുന്തോട്ടത്തിൽ പറമ്പിൽ ഹരികൃഷ്ണൻ കെ എ (21)യാണ് ഇന്ന് പിടിയിലായത്.

Advertisements

വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി കെ ചെല്ലപ്പന്റെ മകൻ ഗിരീഷ് കുമാർ വി സി (47) നേരത്തെ അറസ്റ്റിലായിരുന്നു. വീടിന് സമീപത്തുനിന്നും ഇന്നുച്ചയ്ക്ക്‌ ഹരികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾ അവരുടെ വീടിന്റെ ഭാഗത്ത് പബ്ലിക് റോഡിൽ മാർഗതടസ്സമുണ്ടാക്കി കിടന്നത് ചോദ്യം ചെയ്യുകയും, വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്.ഒന്നാം പ്രതിയായ ഗിരീഷും രണ്ടാം പ്രതി ഹരികൃഷ്ണനും ചേർന്ന് റോണിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. തടസ്സം പിടിച്ച ഭാര്യ പ്രിൻസിയുടെ കയ്യിൽ കയറിപ്പിടിച്ചുതിരിക്കുകയും കഴുത്തിൽ പിടിച്ചമർത്തുകയും ചെയ്തു.മകൾ അലീനക്കു നേരെയും കയ്യേറ്റമുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈപിടിച്ച് തിരിച്ച മൂന്നാം പ്രതി തോളിൽ അടിക്കുകയും, പിടിച്ചുതള്ളുകയും , കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു. രണ്ടാം പ്രതി റോണിയുടെ തലയിൽ സിമന്റ്‌ കട്ടകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചതായും , മൂന്നാം പ്രതി ഭാര്യ പ്രിൻസിയുടെ നൈറ്റി വലിച്ചുകീറിയതായും, കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാൽ തൂക്കമുള്ള സ്വർണമാല കവർന്നതായും മൊഴിയിൽ പറയുന്നു. തുടർന്ന് കുടുംബം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റോണിയുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഒന്നാം പ്രതിയെ ഉടനടി വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
പെരുനാട് എസ് ഐമാരായ റെജി തോമസ്, രവീന്ദ്രൻ നായർ, എ എസ് ഐ റോയ് ജോൺ, സി പി ഓ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles