പത്തനംതിട്ട : പിണങ്ങിക്കഴിയുന്ന ഭാര്യയെ , ഒപ്പം താമസിക്കാൻ വിസമ്മതിച്ചതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ വീട്ടിൽ ശ്യാംലാൽ (29) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. പിണങ്ങി കുടുംബവീട്ടിൽ താമസിച്ചുവരുന്ന യുവതിയെയാണ്, ബുധൻ പുലർച്ചയോടെ വീടിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ച് വെട്ടുകത്തി കൊണ്ട് ഭർത്താവ് വെട്ടി മാരകമായി പരിക്കേൽപ്പിച്ചത്. പള്ളിക്കൽ ആനയടി ചെറുകുന്നം കൈതക്കൽ ശിവാലയം വീട്ടിൽ മാതാവ് മണിയമ്മയ്‌ക്കൊപ്പം കഴിഞ്ഞുവരുന്ന രാജലക്ഷ്മിക്കാണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്.
ബൈക്കിലെത്തിയ പ്രതി, വീടിന്റെ ഗേറ്റിനു മുന്നിൽ ബഹളം വയ്ക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഇറങ്ങി ഗേറ്റിനടുത്തെത്തിയ രാജലക്ഷ്മിയെ, മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചശേഷം കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയിലും കയ്യിലും ആഞ്ഞുവെട്ടുകയായിരുന്നു. തലയുടെ ഇടതുവശം വെട്ടേറ്റ യുവതിയെ ഇയാൾ വീണ്ടും വെട്ടി. തുടർന്ന്, ഇടത് കൈ തള്ളവിരലിനു ആഴത്തിൽ മുറിവേൽക്കുകയും, അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി, തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. മൊഴിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അടൂർ പോലീസ് രാജലക്ഷ്മിയുടെ മാതാവിന്റെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം, പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപകമാക്കിയതിനെതുടർന്ന്, ബുധനാഴ്ച്ച രാത്രി തന്നെ പ്രതിയെ പിടികൂടി. ചാരുംമൂട് നിന്നാണ് മണിക്കൂറുകൾക്കകം ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴം ഉച്ചയോടെ, ഇയാളുടെ വീടിനു സമീപമുള്ള ഹോളോ ബ്രിക്സ് കെട്ടിടം നിൽക്കുന്ന പുരയിടത്തിലെ പൊന്തക്കാട്ടിൽ നിന്നും വെട്ടുകത്തി കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ധന്യ കെ എസ്, സി പി ഓമാരായ റോബി, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.