പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇലന്തൂർ ചിറക്കാലപടിയിൽ റോഡ് അരികിൽ സംസാരിച്ചു നിന്ന് വീട്ടമ്മയുടെ കഴുത്തിൽനിന്നും, മോട്ടോർ സൈക്കിളിൽ എത്തി ഒരു പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിയായ കോട്ടയം വാഴൂർ കോണേകടവ് ചാമപതാൽ ഇടയക്കുളത്ത് വീട്ടിൽ നന്ദുവിന്റെ മകൻ വിനോദ്, കോട്ടയം പാലാ രാമപുരത്ത് ഓണം തുരുത്തി വീട്ടിൽ ടോമിയുടെ മകൻ ടോണി എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡോണി തോമസ് വർഗീസ് രണ്ടര വർഷം തടവും, 5000 രൂപ പിഴയും ശിക്ഷിച്ചത്. 2021-ൽ, പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ആർ വിഷ്ണു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രദീപ് കുമാർ ഹാജരായി.