അടൂർ : കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ മേളയ്ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കോവിഡിന് ശേഷം നടക്കുന്ന കായികമേള ആയതിനാല്‍ ഒട്ടേറെ പുതുമകളോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തില്‍ ആദ്യമായാണ് ജില്ലാ കായികമേള നടക്കുന്നത്.
11 ഉപജില്ലകളില്‍ നിന്നായി 1500 ഓളം കായിക താരങ്ങള്‍ ഇവിടെ മാറ്റുരയ്ക്കും. 98 ഇനങ്ങളിലാണ് മത്സരം.
ഓരോ ഇനത്തിലും ഉപ ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കായികതാരങ്ങളാണ് ജില്ല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ആണ് നടക്കുന്നത്. പത്തൊന്‍പതിന് മേള സമാപിക്കും.
ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനപ്രഭ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് രേണുഭായി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ആര്‍.ബി രാജീവ്കുമാര്‍, സി.പ്രകാശ്, വി.ആര്‍ ജിതേഷ് കുമാര്‍, വി.എ വിജയന്‍നായര്‍, സിനി ബിജു, എ.ജി ശ്രീകുമാര്‍, പുഷ്പലത, അഞ്ജന ബിനുമാര്‍, വി.കെ അശോക് കുമാര്‍, ആര്‍.സിന്ധു, ഷീലാകുമാരിയമ്മ, സീമാ ദാസ്, ഷീലാകുമാരി, ദിലീപ്കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.