തിരുവല്ല: പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലയിലെ വിവിധ സ്കൂളുകളുമായി സഹകരിച്ച് ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പരിശീലനം.
ജില്ലാ ഫുട്ബോൾ അസോസിയേഷന് കീഴിലുള്ള ഡി ലൈസെൻസ് പാസായായ കോച്ചുമാരാണ് പരിശീലനം നൽകുന്നത്. ചിട്ടയായ പരിശീലനത്തിന് വിദഗ്ധ പരിശീലകർ മുൻകൈയെടുത്ത് തയ്യാറാക്കിയ പാഠ്യ പദ്ധതിയാണ് ഓരോ കേന്ദ്രത്തിലും നടപ്പാക്കുന്നത്. ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളിലേക്കുള്ള കളിക്കാരുടെ രജിസ്ട്രേഷനും പരിശീലന ക്യാമ്പിനോടനുബന്ധിച്ച് നടത്തും.
സെന്റ് തോമസ് ഇരുവള്ളിപ്ര, എസ്സിഎസ് തിരുവല്ല, സെന്റ് ജോൺസ് ഇരവിപേരൂർ, കെഎൻഎം കവിയൂർ, തിരുവല്ല പബ്ലിക് സ്റ്റേഡിയം, മാർത്തോമ്മ കോളജ് സ്റ്റേഡിയം എന്നിവിടങ്ങൾ പരിശീലന വേദികളായിരിക്കും. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ അതാതു സെന്ററുകളിൽ പരിശീലകർ കുട്ടികളെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. പരിശീലനത്തിനുശേഷം കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകും. താല്പര്യമുള്ള കുട്ടികൾ മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ രാവിലെ ഏഴിന് ഏറ്റവും അടുത്ത പരിശീലന കേന്ദ്രത്തിൽ എത്തി പേരുകൾ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടണം. ഫോൺ: 9447148201.