പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട തൈക്കാവ് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും.
ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന് എന്നിവര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്വാഗതവും എഡിഎം ബി രാധാകൃഷ്ണന് നന്ദിയും പറയും. യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി എ പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
2ാം തീയതി രാവിലെ എട്ടിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ലഹരിവിമുക്ത- സമാധാന സന്ദേശ റാലി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, എന്‍.സി.സി, എന്‍.എസ്.എസ്., സ്കൗട്ട്സ്, ഗൈഡ്സ്, ക്ലബുകളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 8.30 ന് റാലി ഗാന്ധിസ്ക്വയറിലെത്തുകയും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് ജില്ലാതല ഉദ്ഘാടന സമ്മേളനം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും.