പത്തനംതിട്ട : ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബും കാര്‍ഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുന്നതിന് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,00,80,500 രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് നിലകളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനാണ് തുകയനുവദിച്ചത്.
ട്രയേജ് സംവിധാനം, ടി.എം.ടി. റൂം, എക്കോ റൂം, കാര്‍ഡിയോളജി വാര്‍ഡുകള്‍ എന്നിവയാണ് സജ്ജമാക്കുന്നത്. നിലവില്‍ ഈ ആശുപത്രിയില്‍ കാര്‍ഡിയോളജി സേവനവും കാത്ത്ലാബ് സേവനവും ലഭ്യമാണ്.
ഇതുവരെ 3800 ഓളം കാത്ത്ലാബ് പ്രൊസീജിയറുകളാണ് നടത്തിയിട്ടുള്ളത്. ശബരിമല തീര്‍ഥാടന കാലത്ത് ബേസ് ആശുപത്രിയായാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ കാര്‍ഡിയോളജി സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.